2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രധാനമന്ത്രിയായി അധികാരമേറ്റു; ശ്രീലങ്കയിൽ വീണ്ടും റനിൽ

കൊളംബോ
സാമ്പത്തിക പ്രതിസന്ധിക്കുപിന്നാലെ ഭരണപ്രതിസന്ധിയും ഉടലെടുത്ത ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ (73) പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു.
ഇന്നലെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞാചടങ്ങിനു ശേഷം വലുകർമ ക്ഷേത്ര ദർശനം നടത്തിയാണ് ഓഫിസിലെത്തി അധികാരം ഏറ്റെടുത്തത്.
മുൻ പ്രധാനമന്ത്രിയും യു.എൻ.പി നേതാവുമായ റനിൽ പാർലമെന്റിൽ പാർട്ടിയുടെ ഏക എം.പിയാണ്. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയും (എസ്.എൽ.പി.പി) പ്രധാനപ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) യിലെ ഒരു വിഭാഗവും മറ്റ് നിരവധി പാർട്ടികളും റനിൽ വിക്രമസിംഗെക്ക് ഭൂരിപക്ഷം തികയ്ക്കാനുള്ള പിന്തുണ അറിയിച്ചതാണ് അദ്ദേഹത്തിന് അനുകൂലമായത്.

അഞ്ചാം തവണയാണ് റനിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്നത്. 1993 – 94, 2001- 04, 2015- 18, 2018- 19 കാലത്താണ് മുമ്പ് ഇതേപദവിയിൽ ഇരുന്നത്. 1994- 2001, 2004 – 15 കാലയളവിൽ പ്രതിപക്ഷനേതാവായി.

സിംഹള, തമിഴ്, മുസ്‌ലിം വിഭാഗങ്ങളിൽ മിക്ക എം.പിമാരും നേതാക്കളും റനിൽ വിക്രമസിംഗെയെ പിന്തുണയ്ക്കുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. എന്നാൽ ക്രിസ്ത്യൻ, ബുദ്ധ നേതാക്കൾ എതിർപ്പ് അറിയിച്ചു. റനിൽ വിക്രമസിംഗെക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നും യു.എൻ.പിയുടെ ഏക എം.പിയാണ് അദ്ദേഹമെന്നും കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽകോം രഞ്ജിത് പറഞ്ഞു. ജനാഭിലാഷത്തിന് വിരുദ്ധമാണ് റനിലിന്റെ നിയമനമെന്ന് രാജ്യത്തെ പ്രമുഖ ബുദ്ധമത നേതാവ് ഒമൽപെ സൊബിത തീറോ പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയിൽ ഒരേസമയം സാമ്പത്തിക – രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുക എന്ന കനത്ത വെല്ലുവിളിയാണ് റനിൽ വിക്രമസിംഗെക്ക് മുന്നിലുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.