
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ മകനും പാര്‍ട്ടി എം.പിയുമായ വരുണ്‍ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പിക്കു മൗനം. നിയമസഭാതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയാണ് വരുണ്‍. സംസ്ഥാനത്തു പാര്‍ട്ടിയുടെ പ്രചാരണത്തില്‍ മുന്നില്‍നില്‍ക്കേണ്ട വരുണിനെതിരായ ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു ബദലായി ഗാന്ധികുടുംബത്തില്‍ നിന്നുള്ള വരുണിനെ ഉയര്‍ത്തി പ്രചാരണംനടത്താന്‍ ബി.ജെ.പി പദ്ധതിയിട്ടുവരുന്നതിനിടെയാണ് രാജ്യാന്തര പ്രതിരോധ ഇടനിലക്കാരന് അഭിഷേക് വര്‍മയ്ക്കും ആയുധക്കടത്തുകാര്‍ക്കും അദ്ദേഹം പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്.
2006ല്‍ നാവിക സേനയുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ വിചാരണ നേരിടുന്നയാളാണ് അഭിഷേക് വര്‍മ. വിഷയത്തില്‍ ഇതുവരെ ബി.ജെ.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി, വക്താക്കള്‍ക്ക് നല്കിയ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ സി.ബി.ഐ ഡയറക്ടറും തയാറായില്ല.
ലൈംഗിക തൊഴിലാളികള്‍ക്കും വിദേശ വനിതകള്‍ക്കും ഒപ്പം നില്ക്കുന്ന ചിത്രം കാണിച്ച് വരുണില്‍ നിന്നു പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം വെളിപ്പെടുത്തി ന്യൂയോര്‍ക്കിലുള്ള അഭിഭാഷകനായ എഡ്മണ്ട്സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കഴിഞ്ഞമാസം കത്തെഴുതിയതായും റിപ്പോര്‍ട്ടുണ്ട്. അഭിഷേക് വര്‍മയുടെ പങ്കാളിയായിരുന്നു അലെന്‍. പ്രതിരോധകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമാണ് വരുണ്‍. ആരോപണം സ്വരാജ് അഭിയാന് നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവര്‍ ഏറ്റെടുത്തതോടെയാണ് വിവാദം ആളിക്കത്തിയത്.
അതേസമയം, ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഡാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
ഇടനിലക്കാരനായ അഭിഷേക് വര്‍മയെ തനിക്ക് അറിയാം. മറ്റുനേതാക്കള്‍ക്ക് അറിയുന്ന പോലെ തന്നെയേ എനിക്കും അദ്ദേഹത്തെ അറിയൂവെന്നും പ്രതിരോധ രഹസ്യങ്ങള്‍ ചോര്ത്തിനല്കിയിട്ടില്ലെന്നും വ്യക്തമാക്കി. 2002ല്‍ ലണ്ടനില്‍ അഭിഷേകിനെ കണ്ടിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഇല്ലായിരുന്നു. ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.