
കുന്ദമംഗലം: വാര്‍ഡ് അംഗങ്ങള്‍ക്ക് വാര്‍ഷിക ഫണ്ട് നല്കുന്നതില് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങളായ ബഷീര്‍ പടാളിയില്‍, പി. പവിത്രന്, എം.എം സുധീഷ് കുമാര്‍, ശിവാനന്ദന്, സനിലാ വേണുഗോപാല്‍, സുനിത കുറുമണ്ണില്, ദീപാ വിനോദ് എന്നിവരാണ് യോഗം തടസപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ കുന്ദമംഗലത്ത് പ്രകടനം നടത്തി.
വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ചതില്‍ വിവേചനം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് പറഞ്ഞു. ഈ വാര്‍ഷിക പദ്ധതിയില്‍ 114780368 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകരാം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബാക്കിവന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയാണിത്. ഗ്രാമസഭാ നിര്‍ദേശങ്ങള്‍ പരിഗണിച്ചും പദ്ധതികളുടെ മുന്‍ഗണന അനുസരിച്ചുമാണ് പദ്ധതി രൂപീകരണം നടത്തിയത്. വാര്‍ഡുകളിലേക്ക് ഫണ്ട് വീതം വയ്ക്കുന്ന പതിവില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദേശം പൂര്‍ണമായും പരിഗണിക്കാറുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കാണിക്കാറില്ല.
തുടര്‍ന്നും ഫണ്ടുകള്‍ ലഭ്യമാകുമ്പോള്‍ പൊതുപ്രവൃത്തികളും അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളും മുന്‍ഗണന നല്കി നടപ്പിലാക്കും. എന്നാല്‍ പൊതുപ്രവൃത്തികള്‍ യാതൊന്നും ഏറ്റെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ നിലപാടിനോട് യോജിക്കാനാവില്ലെന്നും ടി.കെ സീനത്ത് കൂട്ടിച്ചേര്‍ത്തു. പാശ്ചാത്തല മേഖലയില്‍ എല്ലാ മെമ്പര്‍മാര്‍ക്കും എട്ടുലക്ഷം രൂപ അനുവദിച്ചപ്പോള്‍ ചില ഭരണപക്ഷ മെമ്പര്‍മാര്‍ക്ക് അനുവദിച്ചത് അല്‍പ്പം കൂടിപ്പോയെന്നാരോപിച്ചാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ ഭരണസമിതി യോഗം തടസപ്പെടുത്തിയത്.