
കൊച്ചി
കെ റെയിൽ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എംബാങ്ക്മെൻ്റ് 55 ശതമാനമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ആകെ ദൂരത്തിൻ്റെ 62 ശതമാനവും എംബാങ്ക്മെൻ്റ് ആയിരിക്കുമെന്നാണ് ഡി.പി.ആറിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
292 കിലോമീറ്ററല്ല, 328 കിലോമീറ്റർ ദൂരത്തിലാണ് എംബാങ്ക്മെൻ്റ് ഉയരുന്നത്. പ്രളയനിരപ്പിനേക്കാൾ ഒരു മീറ്റർ മുതൽ എട്ടു മീറ്റർ വരെ 40 അടിയോളം ഉയരത്തിലാണ് എംബാങ്ക്മെൻ്റ് നിർമിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ പാതയ്ക്ക് ഇരുവശവും മതിൽ കെട്ടുമെന്നു പ്രതിപക്ഷം പറഞ്ഞപ്പോൾ, മതിലല്ല വേലിയാണ് കെട്ടുന്നതെന്നാണ് സർക്കാർ പറഞ്ഞത്. 200 കിലോമീറ്ററോളം ദൂരത്തിൽ ഇരുവശവും മതിൽ കെട്ടുമെന്നു തന്നെയാണ് ഡി.പി.ആറിൽ പറയുന്നത്. ആ മതിലിൽ പരസ്യം നൽകി പണമുണ്ടാക്കണമെന്നും ഡി.പി.ആറിൽ നിർദേശമുണ്ട്.
സിൽവർ ലൈൻ കോറിഡോർ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോ എന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷവും പറഞ്ഞത്. ഒരു ദിവസം മുഴുവൻ മഴ പെയ്താൽ പിറ്റേന്ന് വെള്ളപ്പൊക്കമുണ്ടാകുന്നൊരു സംസ്ഥാനത്ത് ഇത് വലിയൊരു ദുരന്തം വിളിച്ചുവരുത്തും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയല്ല കെ റെയിൽ കടന്നു പോകുന്നതെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ അതിന് അപ്പുറവും ഇപ്പുറവും പരിസ്ഥിതിലോല പ്രദേശങ്ങളുണ്ട്. 328 കിലോ മീറ്റർ നീളത്തിൽ എംബാങ്ക്മെൻ്റിനും 200ലേറെ കിലോമീറ്റർ നീളത്തിൽ ഇരുവശത്തും നിർമിക്കുന്ന മതിലിനും എത്ര ടൺ പ്രകൃതിവിഭവങ്ങൾ വേണമെന്നു പോലും ഡി.പി.ആറിൽ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.