
തിരുവനന്തപുരം: സൈനികന് സ്വയം നിറയൊഴിച്ച് മരിച്ച കേസില്‍ അറസ്റ്റിലായ അമിതാബ് നശിപ്പിച്ചത് നിരവധി കുടുംബങ്ങളെ. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിക്കുന്നതില്‍ വിരുതനായിരുന്നു അമിതാബെന്ന് പൊലിസ് പറയുന്നു. ഇയാളുടെ മറ്റു വഴിവിട്ട ബന്ധങ്ങള്‍ അന്വേഷിച്ചു വരികയാണ്.
വിവാഹ നിശ്ചയത്തിലെത്തിയ പ്രണയത്തിനൊടുവില്‍ കാമുകി ആത്മഹത്യ ചെയ്ത കേസിലും അമിതാബ് പ്രതിയാണ്. അമിതാബിനെ പ്രണയിച്ച തിരുവനന്തപുരത്തെ വെള്ളനാടുള്ള പെണ്‍കുട്ടി ആറുമാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അമിതാബുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. പൊലിസില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായ അമിതാബ് ഈ കേസില്‍ സസ്പെന്‍ഷനിലായിരുന്നു. സസ്പെന്ഷന് കാലാവധി അവസാനിക്കാറാകുമ്പോഴാണ് ഇപ്പോള്‍ വിവാദമായ കേസ് ഉണ്ടാകുന്നതും അമിതാബ് അറസ്റ്റിലാകുന്നതും.
പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിക്കുന്നതില്‍ വിരുതനായിരുന്നു അമിതാബ്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. വെള്ളനാടുള്ള പെണ്‍കുട്ടിയെ അമിതാബ് പരിചയപ്പെടുന്നത് പഠനകാലത്താണ്. പെണ്‍കുട്ടി ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. പക്ഷേ മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പത്തെ കുറിച്ച് പ്രതിശ്രുത വധു അറിഞ്ഞതോടെ ബന്ധത്തില്‍ വിള്ളലുണ്ടായി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. എന്നു മാത്രമല്ല ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയായ സൈനികന് വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കഴിഞ്ഞ ദിവസം അമിതാബ് അറസ്റ്റിലായത്. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്നാണു സൂചന. വിശാഖിന്റെ ഭാര്യ അഞ്ജനയും അമിതാബും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നും പൊലിസ് പറയുന്നു.
അഞ്ജനയുടെ വിവാഹ ശേഷവും ഈ ബന്ധം തുടര്‍ന്നു. ഭര്തൃവീട്ടില്നിന്നുകൊണ്ടുവന്ന 17പവന് സ്വര്‍ണം അഞ്ജന അമിതാബിനു നല്കി. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്. ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെയാണ് കഴിഞ്ഞ മാര്‍ച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പില്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അമിതാബ് പിടിയിലായത്.