2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രചാരണം: ഇരുചക്രവാഹനങ്ങള്‍ക്കും പൊലിസ് അനുമതി വേണം

തിരുവനന്തപുരം: പൊലിസിന്റെ അനുമതിയോടെ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹന നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകും. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെര്‍മിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രചാരണം നടക്കുമ്പോള്‍ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ വാഹനത്തില്‍ തെരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ പ്രദര്‍ശിപ്പിക്കാവു. സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാം. ഇതിന്റെ ചെലവ് അതാത് വ്യക്തികള്‍ വഹിക്കണമെന്നും വാഹനങ്ങളുടെ ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം, ജാഥ എന്നിവയ്ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
മറ്റ് നിര്‍ദേശങ്ങള്‍:
പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലിസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി വേണം
രാത്രി 10 മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍, സമാനമായ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തരുത്
സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യ അവസരം നല്‍കണം
പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലോ തെരഞ്ഞടുപ്പിന്റെ താല്‍ക്കാലിക ഓഫിസ് സ്ഥാപിക്കരുത്
ഇവ പഞ്ചായത്തില്‍ പോളിങ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളില്‍ 100 മീറ്റര്‍ പരിധിയിലും പ്രവര്‍ത്തിപ്പിക്കരുത്
വിദ്യാഭ്യാസ സ്ഥാപനവും അവയുടെ സ്ഥലങ്ങളും റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുത്
പൊതുസ്ഥലത്ത് നിയമാനുസൃതമായി പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാം

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.