2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രഖ്യാപനങ്ങള്‍ വാരിവിതറി ഇടത് സര്‍ക്കാരിന്റെ ഡിജിറ്റല്‍ ക്ഷേമം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മൂന്നുമാസത്തിനിപ്പുറം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കാന്‍ നികുതി ഭാരങ്ങളും വിലക്കയറ്റവുമില്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കി ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപന പെരുമഴ.
സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയതും ക്ഷേമപെന്‍ഷന്‍ കൂട്ടിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറിയെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സാധാരണക്കാരെ കൂടുതല്‍ അടുപ്പിക്കാന്‍ ഉതകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയത്.
ക്ഷേമ പെന്‍ഷനുകള്‍ നൂറു രൂപ വര്‍ധിപ്പിച്ചതും കൂടുതല്‍ തൊഴി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഉദാഹരണം. കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചും കൂടുതല്‍ സാധാരണക്കാരെ അടുപ്പിക്കും എന്നുതന്നെയാണ് പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ ലക്ഷ്യം വച്ചത്.

അഞ്ചു വര്‍ഷംകൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിക്കെതിരേ പ്രതിരോധം തീര്‍ക്കാനുളള പ്രഖ്യാപനങ്ങള്‍ ബജറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അവകാശപ്പെട്ടത്.
കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിട്ടത്.
കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസിലെ സ്‌നേഹ എന്ന വിദ്യാര്‍ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തുടങ്ങിയത്.
കെ.എസ്.എഫ്.ഇയുടെ സഹായത്തോടെ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് വീട്ടമ്മമാര്‍ മുതല്‍ ഡി.എ കുടിശിക നല്‍കാമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ ഐസക് തന്റെ ബജറ്റിലൂടെ ചേര്‍ത്തുപിടിച്ചു.
കുടുംബശ്രീകള്‍ക്ക് അടക്കം വാരിക്കോരി പണം നല്‍കിയ ധനമന്ത്രി തന്റെ ബജറ്റിനെ ഒരേസമയം പരിസ്ഥിതി സൗഹാര്‍ദവും സ്ത്രീ സൗഹാര്‍ദവുമാക്കി.
എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കിയത് വലിയ ചലനമാകും സാധാരണക്കാര്‍ക്കിടയില്‍ സൃഷ്ടിക്കുക. ഏപ്രില്‍ മാസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1500 രൂപ ആക്കിയത്. ഇതാണ് ഈ ബജറ്റില്‍ വീണ്ടും വര്‍ധിപ്പിച്ചത്.
ഭക്ഷ്യ കിറ്റുകള്‍ തുടരുന്നതിനോടൊപ്പം അമ്പതു ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ അരി കൂടി നല്‍കാനുളള തീരുമാനം കൂടിയെടുക്കുക വഴി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനമാണ് നിയമസഭയിലും പിണറായി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.