കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെതിരായെടുത്ത കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യാജ പുരാവസ്തു കേസില്‍ പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നു സതീശന്‍ കുറ്റപ്പെടുത്തി.
കെ. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധി വീണ്ടും പ്രകടമായി. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന സര്‍ക്കാര്‍ മര്യാദയ്ക്കു നടക്കുന്ന ആളുകളുടെ മേല്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്.പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുത്തു.ആര് മൊഴി നല്‍കിയാലും കേസ് എടുക്കുമോ? .സ്വപ്നസുരേഷ് നല്‍കിയ മൊഴിയില്‍ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ല. അദ്ദേഹം മാറാന്‍ തയ്യാറായാലും പാര്‍ട്ടി അതിന് അനുവദിക്കില്ല. അതുസംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. സുധാകരന്‍ ഒറ്റക്കല്ല, പാര്‍ട്ടി ഒറ്റക്കെട്ടായിത്തന്നെ പിന്നിലുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയമായും നിയമപരമായുമുള്ള സുരക്ഷയൊരുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സുധാകരനെ സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. സുധാകരനെ ചതിച്ച് ജയിലിലടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും സുധാകരനെ പിന്നില്‍നിന്ന് കുത്തില്ലെന്നും സതീശന്‍ വ്യക്തമാക്കി.
നേരത്തെ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ച സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. ആവശ്യമെങ്കില്‍ പദവി ഒഴിയുമെന്ന് അദ്ദേഹം മാധ്യമങ്ങളോടാണ് അറിയിച്ചത്.പാര്‍ട്ടിക്ക് ഹാനികരമായ ഒന്നിനും താന്‍ നില്‍ക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.
Comments are closed for this post.