
ലിസ്ബണ്‍: യുവേഫാ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് മികച്ച ജയം. 4-1 എന്ന സ്കോറിന് ക്രൊയേഷ്യയേയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറിനിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ബാഴ്സലോണ താരമായിരുന്ന ഇവാന് റാക്കിട്ടിച്ച്, റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച് എന്നിവരില്ലാതെയായിരുന്നു ക്രൊയേഷ്യ ഇറങ്ങിയത്. 41ാം മിനുട്ടില്‍ ജാവോ കണ്സീലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്.
58ാം മിനുച്ചില് ഡിയഗോ യോട്ടയും 70ാം മിനുട്ടില്‍ ജാവോ ഫെലിക്സും 94ാം മിനുട്ടില്‍ ആന്ദ്രെ സില്‍വയുമാണ് പോര്‍ച്ചുഗലിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. 91ാം മിനുട്ടില്‍ ബ്രൂണോ പെറ്റ്കോവിച്ചാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഐസ്ലന്ഡിനെ പരാജയപ്പെടുത്തി.
91ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് റഹീം സ്റ്റിര്‍ലിങ്ങാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. സ്വീഡനെതിരേ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. 41ാം മിനുട്ടില്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയം ഡന്മാര്ക്കിനെ പരാജയപ്പെടുത്തി. ജേസണ്‍ ഡനയര് (9), ഡ്രൈസ് മെന്‍ഡസ് (76) എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.