2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോംപിയോക്ക് യു.എസ് സെനറ്റര്‍മാരുടെ കത്ത് സി.എ.എയില്‍ കടുത്ത ആശങ്ക

 

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ച പൗരത്വ നിയമ ഭേദഗതിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന യു.എസ് സെനറ്റര്‍മാര്‍. എന്‍.ആര്‍.സി മൂലം എത്ര ആളുകള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ട് രാജ്യമില്ലാതാവുമെന്നതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സെനറ്റര്‍മാര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് കത്തയച്ചു. രണ്ട് റിപ്പബ്ലിക്കന്മാരും രണ്ട് ഡെമോക്രാറ്റുകളും കത്തയച്ചവരില്‍ പെടുന്നു. ഇതിലൊരാള്‍ ട്രംപിന്റെ അടുത്ത സുഹൃത്തായ ലിന്‍ഡ്‌സെ ഗ്രഹാമാണ്.
കേന്ദ്ര സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നതാണ്. സി.എ.എയിലേക്കുള്ള വഴി ഇതിലുള്‍പ്പെടുന്നു. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റിയതിനോടനുബന്ധിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തടവിലിട്ടവരുടെ എണ്ണം 30 ദിവസത്തിനകം യു.എസ് ഭരണകൂടം പരിശോധിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.
കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം സര്‍ക്കാര്‍ അവിടെ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം ആറു മാസമായിട്ടും തുടരുന്നതിലും ആശങ്ക പ്രകടിപ്പിച്ച സെനറ്റര്‍മാര്‍ കശ്മിരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലിട്ട കാര്യവും കത്തില്‍ എടുത്തുപറയുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയെയും മഹ്ബൂബ മുഫ്തിയെയും കൂടുതല്‍ കാലം തടവില്‍ വയ്ക്കുന്നതിനായി ഇരുവര്‍ക്കും മേല്‍ കേന്ദ്രം പൊതു സുരക്ഷാനിയമവും ചുമത്തിയിരുന്നു. ഇതു പ്രകാരം പൊലിസിന് ആരെയും കുറ്റം ചുമത്താതെ തന്നെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടങ്കലില്‍ വയ്ക്കാനുമാവും.
കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തി മുമ്പെങ്ങുമില്ലാത്തവിധം കശ്മിരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഇത് കശ്മിരിലെ 70 ലക്ഷം ജനങ്ങള്‍ക്ക് ചികില്‍സാ സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിക്കുന്നതിനു പോലും തടസമായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് കശ്മിരികള്‍ മുന്‍കരുതല്‍ തടങ്കലിലാണ്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പോംപിയോക്കയച്ച കത്തില്‍ സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കശ്മിരിലും ജമ്മുവിലും ഏര്‍പ്പെടുത്തിയ ആശയവിനിമയനിയന്ത്രണങ്ങളും സ്വതന്ത്ര നിരീക്ഷകരെയും നയതന്ത്രജ്ഞരെയും വിദേശ മാധ്യമപ്രവര്‍ത്തകരെയും എത്രത്തോളം കശ്മിരില്‍ അനുവദിക്കുന്നുവെന്നതും വിലയിരുത്തണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂനിയനിലെയുള്‍പ്പെടെയുള്ള വിദേശ ദൂതന്മാരുടെ രണ്ടാമത്തെ സംഘം കശ്മിരിലുള്ള സമയത്താണ് സെനറ്റര്‍മാരുടെ കത്ത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപും പത്‌നി മെലാനിയയും ഈമാസം 24ാണ് ഇന്ത്യയിലെത്തുന്നത്. കശ്മിര്‍ വിഷയത്തിലും സി.എ.എ സംബന്ധിച്ചും ട്രംപ് ഭരണകൂടം ഇതിനു മുന്‍പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. .

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News