
അൻസാർ മുഹമ്മദ്
കൊച്ചി
മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സംസ്ഥാന പൊലിസ് ഉപയോഗിക്കുന്ന ‘പ്രേതവിചാരണ’ പൊലിസ് നിഘണ്ടുവിൽനിന്ന് മോക്ഷപ്രാപ്തിയിലേക്ക്. ‘മൃതദേഹ പരിശോധന’ എന്നാക്കാനാണ് തീരുമാനം. ഇതിന് സംസ്ഥാന പൊലിസ് മേധാവി അനിൽ കാന്ത് സർക്കാരിന്റെ അനുമതി തേടി.
മൃതദേഹത്തെ ‘പ്രേതം’ എന്ന് വിളിക്കുന്നത് യുക്തിരഹിതവും മര്യാദയില്ലാത്തതുമാണെന്ന് പൊലിസ് മേധാവി സർക്കാരിനു നൽകിയ കത്തിൽ പറയുന്നു. അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മൃതദേഹം പരിശോധിക്കുന്നതിനെക്കുറിച്ചും കുറ്റകൃത്യം നടന്ന സ്ഥലത്തെക്കുറിച്ചും പൊലിസ് രേഖകളിൽ ഉപയോഗിക്കുന്ന വാക്കാണ് ‘പ്രേതവിചാരണ’. ഇതിനാണ് മോക്ഷം ലഭിക്കുന്നത്.
കഴിഞ്ഞയാഴ്ച നടന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ഈ പദം മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന് കത്തെഴുതാൻ തീരുമാനിച്ചത്. ‘പ്രേതം’ എന്നത് ആത്മാവ് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ്. അതിൽ ശാരീരികമോ ഭൗതികമോ ആയ ഒന്നുമില്ല. ‘വിചാരണ’എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരീക്ഷണമാണ്. ആത്മാവിനെ പരീക്ഷിക്കാനാവില്ലെന്നും ശരീരത്തിന്റെ പരിശോധന ഒരു പരീക്ഷണമല്ലെന്നും യോഗത്തിൽ പങ്കെടുത്ത ഒരു എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. ഈ പദത്തിനു പകരം ‘മൃതദേഹ പരിശോധന’ അല്ലെങ്കിൽ ‘ഭൗതിക ശരീര പരിശോധന’ (രണ്ടും ശരീര പരിശോധന എന്ന് വിവർത്തനം ചെയ്യാം) എന്നാക്കണമെന്നും ആവശ്യമുയർന്നു.
‘മൃതദേഹ പരിശോധന’ ബദലായി ഉപയോഗിക്കാമെന്ന് അവസാനം സമവായത്തിലെത്തി. തുടർന്നാണ് പേരു മാറ്റാൻ സംസ്ഥാന പൊലിസ് മേധാവി സർക്കാരിന്റെ അനുമതി തേടിയത്. വകുപ്പിന്റെ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറിയതായി ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം സ്ഥിരീകരിച്ചു.