
സ്വന്തം ലേഖകന്‍
കോവളം: തിരുവല്ലത്ത് പൊലിസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി ജസീം (26), നരുവാമൂട് സ്വദേശികളായ ആദര്‍ശ് (26), സുറുമയെന്ന് വിളിക്കുന്ന അനൂപ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കൂടാതെ 10 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയായ നരുവാമൂട് സ്വദേശി നന്ദു അടക്കമുള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. വണ്ടിത്തടം ശാന്തിപുരം ജങ്ഷനു സമീപം പാപ്പാന് ചാണി റോഡില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് പൊലിസിനു നേരെ ആക്രമണമുണ്ടായത്. നഗരത്തില്‍ കമലേശ്വരം, മണക്കാട് ഭാഗങ്ങളില്‍ തുണിക്കടകളില്‍ ഈയിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ഒരാളെ ഫോര്‍ട്ട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ കൂട്ടുപ്രതിയായ നന്ദു വണ്ടിത്തടം പാപ്പാന്‍ചാണിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെയും കൂട്ടി പൊലിസ് ശാന്തിപുരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
നന്ദു രണ്ടു മാസം മുന്‍പ് പാപ്പന് ചാണിയിലെ ശാന്തിപുരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വീട് വാടകക്കെടുത്ത് മോഷണവും കഞ്ചാവ് കച്ചവടവും നടത്തിവരികയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ആക്രമണം നടന്ന ദിവസവും ഈ വീട്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 15ഓളം പേര് ഒത്തുകൂടിയിരുന്നു.
ഇവര്‍ സംഘം ചേര്‍ന്ന് പൊലിസിനു നേര്‍ക്ക് പെട്രോള്‍ ബോംബും കല്ലും വലിച്ചെറിയുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ പൊലിസ് ജീപ്പ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രാത്രിയോടെ കൂടുതല്‍ പൊലിസെത്തി പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവം നടന്ന ദിവസം രാവിലെ കോവളം ഭാഗത്ത് ഭര്‍ത്താവിനോടൊപ്പം നടക്കാനിറങ്ങിയ വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചതും മത്സ്യക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നതും ഇതേ സംഘത്തില്പെട്ടവരായിരിക്കാം എന്ന നിഗമനത്തിലാണ് പൊലിസ്.
അക്രമി സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടതായും പൊലിസ് കരുതുന്നു. അതിനാല്‍ സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.