
പ്രജോദ് കടയ്ക്കല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസുകാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കേരള പൊലിസ് അക്കാദമിയുടെ സിലബസ് പരിഷ്കരിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. മാനസിക സമ്മര്‍ദങ്ങള്‍ അതിജീവിക്കുന്നതിനുള്ള പരിശീലനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാനാണു ആലോചിക്കുന്നത്.
കേരളത്തില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മുപ്പത്തിയൊന്നു പൊലിസുകാരാണ് ആത്മഹത്യ ചെയ്തത്. പൊലിസുകാരുടെ ആത്മഹത്യയില്‍ കേരളം മൂന്നാംസ്ഥാനത്താണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. റിപ്പോര്‍ട്ട് തയ്യാറാക്കിയ കാലയളവില്‍ തമിഴ്നാട്ടില്‍ 116ഉം കര്‍ണാടകത്തില്‍ 39ഉം പൊലിസുകാരാണ് ആത്മഹത്യ ചെയ്തത്.
പുതിയതായി പൊലിസിലേക്ക് നിയമിക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലന കാലയളവില്‍ യോഗക്കും സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പൊലിസ് ട്രയിനിങ് കോളജ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ എല്ലാ ദിവസവും യോഗ പരിശീലനം നിര്‍ബന്ധമാക്കിയ ആഭ്യന്തരവകുപ്പിന്റെ തീരുമാനം തുടക്കത്തിലേ പാളിയിരുന്നു. മിക്ക സ്റ്റേഷനുകളിലെയും പൊലിസുകാര്‍ക്ക് മുന്നിശ്ചയപ്രകാരമല്ലാത്ത സമയങ്ങളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നതാണ് യോഗ പരിശീലനം മുടങ്ങാന്‍ കാരണം. മാനസിക സമ്മര്‍ദങ്ങള്‍ക്കൊപ്പം തന്നെ കടുത്ത ശാരീരിക അസ്വസ്ഥതകളും സംസ്ഥാനത്തെ പൊലിസുകാര്‍ അനുഭവിക്കുന്നുണ്ട്. സേനയുടെ നവീകരണത്തിനായി ആവിഷ്കരിക്കുന്ന പല പദ്ധതികളും പൊലിസുകാരില്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നതായാണ് ആക്ഷേപം.
ചുമതലകളില്‍നിന്നും പെട്ടെന്നുള്ള മാറ്റം ശാരീരികമായി പൊലിസുകാരെ ക്ഷീണിപ്പിക്കുന്നുണ്ടെന്നും പല ഘട്ടങ്ങളിലും പര്യാപ്തമായ പരിശീലനമോ വിശ്രമമോ ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തില്‍ സേനയുടെ അംഗബലം വര്‍ധിപ്പിക്കുകയാണ് പോംവഴിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പൊലിസുകാരില്‍ ഭൂരിഭാഗവും ഏതെങ്കിലും കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടവരാണെന്നാണു മറ്റൊരു വസ്തുത. മാധ്യമങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍നിന്നും പൊലിസ് തലപ്പത്തുനിന്നുതന്നെയും ഉണ്ടാകുന്ന അസഹ്യമായ സമ്മര്‍ദമാണ് ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ അഡീഷനല്‍ എസ്.പി പി.ജി ഹരിദത്ത് ആത്മഹത്യ ചെയ്ത സാഹചര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. കേസില്‍ എഡി.ജി.പി മുഹമ്മദ് യാസിനെയും ഐ.ജി വിജയ് സാഖറേയും സി.ബി.ഐ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നു ഉന്നതങ്ങളില്‍നിന്നും നിരന്തരം ശക്തമായ സമ്മര്‍ദം ഉണ്ടായതാണ് എസ്.പി ഹരിദത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.