2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

കായംകുളം: പൊലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തെ കായംകുളം പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊല്ലാട് വട്ടക്കുന്നേല്‍ ഷൈമോന്‍ പി. പോള്‍, കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു, ആലപ്പുഴ കലവൂര്‍ കുളങ്ങയില്‍ മനു, എറണാകുളം പൊന്നാരിമംഗലം പുളിത്തറ മനു ഫ്രാന്‍സിസ്, പത്തനംതിട്ട തീയാടിക്കല്‍ കണ്ടത്തിങ്കല്‍ സോണി തോമസ് എന്നിവരെയാണ് കായംകുളം പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ റിക്രൂട്ടമെന്റ് നടത്തിവന്ന ചേരാവള്ളി ആരൂടത്ത് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ കായംകുളം സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ കായംകുളം എസ്.ഐ ഷാരോണ്‍ അടങ്ങിയ പൊലിസ് സംഗം റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
പൊലിസിന്റെ ബാഡ്ജുകള്‍, യൂനിഫോം, ലെറ്റര്‍ പാടുകള്‍, സീലുകള്‍, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെത്തി. ഓഫിസ് ഓഫ് ദ ട്രാഫിക് ട്രെയിനഡ് പൊലിസ് ഫോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നത്.
പൊലിസ് വേഷത്തില്‍ വിവിധ റാങ്കുകളില്‍ ഉള്ള ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്നും കായംകുളം പൊലിസ് പറഞ്ഞു. സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇവരെ സമാനമായ കേസില്‍ കോട്ടയം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കായംകുളം ഒന്നാം കുറ്റിക്ക് തെക്ക് ആരൂടത്ത് ജങ്ഷനില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ പേരില്‍ തട്ടിപ്പ് നടത്തി വന്നത്.
പലരില്‍ നിന്നും ട്രാഫിക്ക് പൊലിസിലും ട്രാഫിക് വാര്‍ഡന്‍ തസ്തികകളിലും ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. തുടക്കത്തില്‍ ഒരാളില്‍ നിന്നും 4000 രൂപ ഈടാക്കിയാണ് തട്ടിപ്പ് നടത്തി വന്നത്.
താമരക്കുളം സ്വദേശി സഞ്ചുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തിട്ടുള്ളത്. കായംകുളം ട്രാഫിക്ക് ഇന്‍ചാര്‍ജ് ആയി 30,000 രൂപയ്ക്ക് നിയമനം നല്‍കാം എന്നാണ് സഞ്ചുവിന് നല്‍കിയ വാഗ്ദാനം. കേസ് എടുത്ത ശേഷം പത്തോളംപേര്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തട്ടിപ്പ്, പൊലിസ് യൂനിഫോം ദുരുപയോഗം തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.