
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുളള പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിന് പൊലിസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവ് കാട്ടിയ 262 പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2019ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതികള്‍ സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്റയാണ് ബഹുമതികള്‍ വിതരണം ചെയ്തത്. തൃശൂര്‍ കേരള പൊലിസ് അക്കാദമിയില്‍ എ.ഡി.ജി.പി ഡോ. ബി സന്ധ്യയും കൊച്ചി സിറ്റി ജില്ലാ പൊലിസ് ആസ്ഥാനത്ത് ബറ്റാലിയന് എ.ഡി.ജി.പി കെ. പത്മകുമാറും പുരസ്കാരങ്ങള്‍ കൈമാറി.
തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജില്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബും കോഴിക്കോട് ഉത്തരമേഖലാ ആസ്ഥാനത്ത് ഉത്തരമേഖല ഐ.ജി അശോക് യാദവും ബഹുമതികള്‍ വിതരണം ചെയ്തു.