2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പൊലിസിന് ഉപദേശം മാത്രം പോരാ


പൊലിസ് സത്യസന്ധമായും നീതിനിഷ്ഠയോടെയും രാഷ്ട്രീയംനോക്കാതെയും നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി പൊലിസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം ഉപദേശിച്ചിരിക്കുകയാണ്. പൊലിസ് ആസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു മുഖ്യമന്ത്രി പൊലിസുകാരെ ഉദ്ബുദ്ധരാക്കാന്‍ ശ്രമിച്ചത്. സി.പി.എം പ്രവര്‍ത്തകരോടു പ്രത്യേക മമത വേണ്ടെന്നും റോഡ് ഉപരോധിക്കുന്നവരുടെ കാലുപിടിക്കാന്‍ പോകേണ്ടെന്നും രാഷ്ട്രീയക്കാരുമായി ബന്ധപ്പെടുമ്പോള്‍ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകള്‍ നിഷ്പക്ഷമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നും പൊലിസിന് അറിയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. തന്നിഷ്ടപ്രകാരവും പക്ഷപാതപരമായും പെരുമാറുന്ന പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നുകൂടി മുഖ്യമന്ത്രി പറയേണ്ടതുണ്ടായിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ എല്ലാം ശരിയാകുമെന്നു ജനം വിശ്വസിച്ചു. അങ്ങനെ എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെന്നു കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ പറഞ്ഞുവച്ചത്. മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പൊലിസുകാരെ ഉപദേശിക്കുന്നുണ്ടെങ്കിലും ചുരുങ്ങിയപക്ഷം കണ്ണൂര്‍ ജില്ലയിലെങ്കിലും അതു പ്രാവര്‍ത്തികമാകുമോ. 2013 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അറസ്റ്റുചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരെ പൊലിസ് സ്റ്റേഷനില്‍നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയ സി.പി.എം നേതാവാണ് എം.വി ജയരാജന്‍. യു.ഡി.എഫ് ഭരണകാലത്ത് ഇവ്വിധം പെരുമാറാന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു കഴിയുമെങ്കില്‍ ഇടതുപക്ഷസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സാരോപദേശം എത്രകണ്ടു ഫലവത്താകും. മനുഷ്യാവകാശപ്രവര്‍ത്തകനായ നദീറും നോവലിസ്റ്റ് കമല്‍ സിയും പൊലിസിന്റെ പീഡന നടപടികള്‍ക്കു വിധേയരായി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ക്കു വിടുതല്‍ കിട്ടിയത്. നദീറിനെതിരേ കേസുകളൊന്നുമില്ലെന്നു പൊലിസ് പറയുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാവോയിസ്റ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.

റോഡു തടയുന്നവരുടെ കാലുപിടിക്കാന്‍ പോകേണ്ടെന്നു പറഞ്ഞ കൂട്ടത്തില്‍ അമിതാവേശക്കാര്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറയേണ്ടതായിരുന്നു. എന്നാല്‍ ഈ കാര്യങ്ങളൊക്കെയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയുണ്ടാകാത്തത്. മുഖം നോക്കാതെ നടപടിയെടുക്കേണ്ട പൊലിസ് വര്‍ഗീയാസ്വാസ്ഥ്യങ്ങളില്‍ പക്ഷംപിടിക്കുന്നു. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാറില്‍ പള്ളിയില്‍ നിസ്‌കരിച്ചുകൊണ്ടിരുന്നവരെ പിന്നിലൂടെ വന്ന് അക്രമിച്ചു പരുക്കേല്‍പ്പിച്ച കാന്തപുരം വിഭാഗത്തിനു നേരേ നടപടിയുണ്ടായില്ല. മാത്രമല്ല, ഈ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വീടുകള്‍ ആക്രമിച്ചു സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി പൊലിസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്തു.

സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രമാത്രം ആക്രമണം നടത്തുവാന്‍ ഇവരെന്താ ഭീകരപ്രവര്‍ത്തകരാണോ. മുഖ്യമന്ത്രി ഉദ്‌ഘോഷിക്കുന്ന പൊലിസുകാരുടെ നല്ലനടപ്പ് പള്ളിക്കല്‍ ബസാറില്‍ ബാധകമല്ലെന്നുണ്ടോ. നിരപരാധികളെ വിട്ടയയ്ക്കാന്‍ സ്ഥലം എം.എല്‍.എ പി.അബ്ദുല്‍ ഹമീദിന് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിക്കേണ്ടി വന്നു.

വേങ്ങരയിലെ ചേറൂരിലെ മദ്‌റസ പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നതാണ്. ഇവിടെ കാന്തപുരംവിഭാഗം അതിക്രമിച്ചു കയറി ഗുണ്ടാവിളയാട്ടം നടത്തി. പൊലിസ് എന്തു നടപടിയെടുത്തു. പള്ളിക്കല്‍ ബസാറിലെ പള്ളി ഹൈക്കോടതി വിധിയിലൂടെയും വഖ്ഫ് ബോര്‍ഡ് നടപടികളിലൂടെയും സമസ്തയ്ക്ക് അനുകൂലമായി അന്തിമതീരുമാനമായതാണ്. ഇത് അംഗീകരിക്കാതെ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കുനേരേ കാന്തപുരം വിഭാഗം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുകയും പരുക്കേല്‍ക്കുന്ന നിരപരാധികള്‍ക്കെതിരേ കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസിന്റെ നടപടികള്‍ക്കെതിരേയാണു മുഖ്യമന്ത്രി ശബ്ദിക്കേണ്ടിയിരുന്നത്.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ ഫൈസലിന്റെ രക്ഷിതാക്കളടക്കമുള്ളരുള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റിക്കു സമരരംഗത്തേക്കിറങ്ങേണ്ടി വന്നു. അനീതി പ്രവര്‍ത്തിക്കുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന പൊലിസിനെതിരേ നടപടിയെടുക്കാതെ മുഖ്യമന്ത്രി നടത്തുന്ന സാരോപദേശങ്ങള്‍ കൊണ്ടെന്തു ഫലം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.