
ആഗ്ര: ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കടയുടമകളെ കൊള്ളയടിച്ചവര്ക്കെതിരേ കേസെടുത്ത ഫത്തേപ്പൂര്‍ സിക്രി പൊലിസിനുനേരെ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. വി.എച്ച്.പി, ബജ്രംഗദള്, ഹിന്ദു യുവവാഹനി, ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനുനേരെ കല്ലെറിയുകയും ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് രവികാന്ത് പരാശറിനെ മര്‍ദിക്കുകയും ചെയ്തു.
മറ്റുമതസ്ഥരായ കച്ചവടക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്ത ചില സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടപടിയെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്രമികള്‍ ഫത്തേപൂര്‍ സിക്രി പൊലിസ് സ്റ്റേഷന് ഘരാവോ ചെയ്തു. ബി.ജെ.പിയുടെ കിര്വാലി ടെഹ്സില് കോഡിനേറ്റര്‍ ഹേമന്ത് തിവാരി, ഉദയ വീര്‍, വി.എച്ച്.പി വിദ്യാര്‍ഥി നേതാവ് ജഗ് മോഹന്‍ ചാഹര്‍, ഗോരക്ഷ പ്രമുഖ് ഓമി തിക്രി, വി.എച്ച്.പി ആഗ്ര ജില്ലാ കോഡിനേറ്റര്‍ സാഗര്‍ ചൗധരി എന്നിവരുള്‍പ്പെടെ 50ഓളം പേര് പൊലിസ് സ്റ്റേഷനുമുന്പില് പ്രതിഷേധം സംഘടിപ്പിച്ചു. ഇതാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്.