2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ കുടുങ്ങും

കോട്ടയം: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം. മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും.
ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്. ജില്ലയിലെ ജലാശയങ്ങളും റോഡുകളുടെ വശങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. ഇതിനായി പൊലിസ് പട്രോളിങ് ശക്തമാക്കും. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ പോലിസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. രാത്രിയില്‍ വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ വാഹനമടക്കം പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്യും.
ഫ്‌ളാറ്റുകളിലും മറ്റ് ജനവാസ കേന്ദ്രങ്ങിലും ഏര്‍പ്പെടുത്തിയിട്ടുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കുന്നന്നതിന് എല്ലാ മുനിസിപ്പാലിറ്റികളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മാലിന്യം അലക്ഷ്യമായി തള്ളുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കെതിരെയും കേസെടുക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണം തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തും.
മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള പൊതു കേന്ദ്രം സജ്ജമാക്കണമെന്നും മാലിന്യനിക്ഷേപം സംബന്ധിച്ചു ലഭിക്കുന്ന പരാതികളിന്‍മേല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ ബാബു നിര്‍ദേശം നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.