2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പൊതുവിദ്യാലയങ്ങള്‍ക്കുള്ള താഴ് സാംസ്‌കാരിക തകര്‍ച്ച


മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിനു തൊട്ടുപിറകെ, സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി വിധിപ്രസ്താവിച്ചിരിക്കുകയാണ്. സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്നാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ സകലപ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു രക്ഷിതാക്കള്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടാകുന്നത്.
സുപ്രിംകോടതി വിധിയനുസരിച്ചു സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും ബാക്കികാര്യങ്ങള്‍ പിന്നീടു തീരുമാനിക്കാമെന്നും വെള്ളിയാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കണമെന്നും അഡ്വക്കറ്റ് ജനറലിനോടു കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ടു നല്‍കാമെന്ന് എ.ജി കോടതിയില്‍ സമ്മതിച്ചിരിക്കേ സ്‌കൂളിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാവുകയാണ്. ഭാവിയില്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്തവിധം ഈ വിദ്യാലയത്തെ നിയമക്കുരുക്കുകള്‍ വരിയുമെന്നും കരുതേണ്ടിയിരിക്കുന്നു.
ഇവിടെ പ്രവേശനം നേടിയ  കുട്ടികളുടെ പഠനഭാവിയാണ് ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷംതന്നെ സ്‌കൂള്‍ പൂട്ടുന്നതിന് അനുവാദം ചോദിച്ച് സ്‌കൂള്‍ മാനേജര്‍ വിദ്യാഭ്യാസവകുപ്പിനു കത്തുനല്‍കിയിരുന്നെന്നാണു പറയപ്പെടുന്നത്. അതിന്മേല്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നു സ്‌കൂള്‍ മാനേജര്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയായിരുന്നു.
മാലാപ്പറമ്പ് സ്‌കൂളിനു പുറമെ, മലപ്പുറം ജില്ലയിലെ അടച്ചുപൂട്ടിയ മങ്ങാട്ടുമുറി, തൃശൂരിലെ കിരാലൂര്‍, തിരുവണ്ണൂരിലെ പാലാട്ട് എന്നീ സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്നും, എന്നാല്‍ നിയമസഭയില്‍ ഇതുസംബന്ധിച്ചു പ്രമേയം പാസാക്കണമെന്നുമാണ് നിയമോപദേശം. സര്‍ക്കാറിന്റെ തീരുമാനത്തെ നിഷ്പ്രഭമാക്കുംവിധമാണ് ഹൈക്കോടതി വിധി. ഈ വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാറും മാലാപ്പറമ്പ് പി.ടി.എയും തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് ഇതിനകം സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുമുണ്ട്. ഇനി സുപ്രിംകോടതി വിധിയനുസരിച്ചായിരിക്കും അന്തിമതീരുമാനം.
അതുവരെ ഈ കുട്ടികള്‍ എന്തുചെയ്യുമെന്നതിന് ആര്‍ക്കും ഉത്തരമില്ല. നമ്മുടെ പൊതുവിദ്യാഭ്യാസത്തിനു താഴുവീഴുന്നതിന്റെ അവസാനബെല്ലാണ് മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ മുഴക്കിയത്. സ്‌കൂള്‍ അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ നയമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അവിടേയ്ക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പൊതുവിദ്യാഭ്യാസമെന്നത് സര്‍ക്കാര്‍ ചെലവില്‍ വിദ്യ അഭ്യസിക്കുന്നതിലപ്പുറം നിരവധി മാനങ്ങള്‍ നല്‍കുന്നുണ്ട്. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കുട്ടികളും വിവിധജാതി, മതവിഭാഗങ്ങളിലെ കുട്ടികളും ഇടപഴകി ഒരേ ബെഞ്ചില്‍ തൊട്ടുരുമ്മി പഠിക്കുമ്പോള്‍ വലിയൊരു സന്ദേശമാണതു സമൂഹത്തിനു നല്‍കുന്നത്. പരസ്പരസൗഹാര്‍ദവും സഹകരണവും ആരും പഠിപ്പിക്കാതെ കുട്ടികള്‍ സ്വായത്തമാക്കും. ഇല്ലാത്തവന്റെ വേദനയും പരാധീനതയും ഉള്ളവന്റെ വീട്ടില്‍നിന്നു വരുന്ന കുട്ടികള്‍ക്ക് അനുഭവിച്ചറിയുവാന്‍ കഴിയും. അതുവഴി സഹജീവികളോടുള്ള സഹാനുഭൂതിയും സഹായമനസ്‌കതയും കുട്ടികളിലുണ്ടാവും.
ക്ലാസ് ആരംഭിക്കുന്നതിനുമുമ്പുള്ള പ്രതിജ്ഞയിലെ ‘എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെ’ന്ന വാചകം അക്ഷരാര്‍ഥത്തില്‍ പുലരുന്നതു പൊതുവിദ്യാലയങ്ങളിലാണ്. മനുഷ്യത്വവും ദയാവായ്പ്പും അധ്യാപകന്‍ പഠിപ്പിക്കാതെതന്നെ കുട്ടികളിലുണ്ടാകുന്നതു പൊതുവിദ്യാലയങ്ങള്‍ചെയ്യുന്ന മഹത്തായ സേവനങ്ങളാണ്. അത്തരം വിദ്യാലയങ്ങള്‍ക്കു താഴുവീഴുകയെന്നതു നമ്മുടെ സംസ്‌കാരത്തിന്റെ, നന്മയുടെ അരുവികളെയാണു വറ്റിക്കുന്നത്.
സ്‌നേഹിക്കാനും കലഹിക്കാനും പിണങ്ങാനും വീണ്ടുമിണങ്ങാനും പൊതുവിദ്യാലയത്തേക്കാള്‍ മറ്റ് ഏതൊരിടമാണുള്ളത്. പഴയതലമുറ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുക അവരുടെ വിദ്യാലയ കാലഘട്ടങ്ങളെയായിരിക്കും. അവരില്‍ എന്തെങ്കിലും നന്മയും കാരുണ്യവുമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അവര്‍ പഠിച്ച പൊതുവിദ്യാലയത്തിന്റെ സംഭാവനതന്നെയായിരിക്കും. ഇത്തരം സ്‌നേഹയിടങ്ങള്‍ അടച്ചുപൂട്ടുകയെന്നത് ഒരു ജനതയുടെ സംസ്‌കാരത്തിന്റെ തിരോധാനത്തെയാണ് അടയാളപ്പെടുത്തുന്നത്.
നമ്മുടെ പൊതുവിദ്യാലയങ്ങളോടു രക്ഷിതാക്കള്‍ക്ക് അകല്‍ച്ച തോന്നിപ്പിച്ചതില്‍ അധ്യാപകരില്‍ ചിലരുടെ പങ്കുചെറുതല്ല. ക്ലാസില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ അവരില്‍പ്പലരും മുന്‍ഗണന നല്‍കിയതു പുറത്തുള്ള ജോലിക്കായിരുന്നു. പലിശയ്ക്കു പണംകൊടുക്കുക, ഭൂമിക്കച്ചവടം നടത്തുക, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മെമ്പര്‍മാരാവുക, സമാന്തരവിദ്യാലയങ്ങളില്‍ മണിക്കൂര്‍ കണക്കിനു ജോലി ചെയ്യുക… ഇതൊക്കെയാണ് അധ്യാപകരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍. അതിനുപുറമേ തൊട്ടതിനും പിടിച്ചതിനും സമരങ്ങളുമുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ മക്കളുടെ ശോഭനമായ ഭാവിയോര്‍ത്തു വന്‍തുക മുടക്കി കുട്ടികളെ സ്വകാര്യസ്‌കൂളുകളില്‍ ചേര്‍ക്കുന്നതില്‍ എന്തത്ഭുതം. നമ്മുടെ പോയകാല പൊതുവിദ്യാഭ്യാസ പ്രതാപത്തെ തിരികെക്കൊണ്ടുവരണമെങ്കില്‍ എല്ലാ അധ്യാപകരും ജോലിയോട് ആത്മാര്‍ഥത കാണിക്കേണ്ടിയിരിക്കുന്നു. എങ്കില്‍, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു താഴുവീഴുന്നത് ഒഴിവാക്കാം. സ്‌കൂള്‍ പൂട്ടുന്നതിനെതിരേ സമരംചെയ്യുന്നവരുടെ മക്കളെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ അവര്‍ സന്മനസു കാണിക്കണം. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അതിന്റെ ബാധ്യത ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പറയുമ്പോള്‍ പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ട ബാധ്യത അധ്യാപകര്‍ക്കും പി.ടി.എകള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.