2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊതുജന സേവകരാണ്, മറക്കേണ്ട… പരിശീലനം പൂര്‍ത്തിയാക്കിയ പൊലിസുകാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുജനസേവകരാണെന്ന ധാരണയും പൊലിസിന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസില്‍ വച്ച് വേണം ഓരോ പൊലിസ് ഉദ്യോഗസ്ഥനും പെരുമാറാന്‍. എപ്പോഴും നല്ല പൊലിസ് ഉദ്യോഗസ്ഥനായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിന്നും വിവിധ പൊലിസ് ബറ്റാലിയനുകളില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതുവരെ വിവിധ ബറ്റാലിയനുകളിലായി നടന്നിരുന്നതിനാല്‍ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. തൃശൂര്‍ ആസ്ഥാനമായി ഇന്റഗ്രേറ്റഡ് പൊലിസ് ട്രെയിനിങ് സെന്ററിന് രൂപം നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ മാറ്റം വരുന്നത്. ഏകീകൃതമായ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചാണ് ഇറങ്ങുന്നത്.
വിവിധ ബറ്റാലിയനുകളിലായി 2,279 പേരാണ് ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നത്. ഇതില്‍ 300ല്‍ അധികംപേര്‍ ബിരുദധാരികളും 152 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. പൊലിസ് സേനയിലെ അടുത്തകാലത്തെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഉന്നത ബിരുദധാരികളും സാങ്കേതികവിദഗ്ധരും എല്ലാം ഒരുപാട് ചേരുന്നതായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയരക്ടര്‍ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ പൊലിസ് അക്കാദമിയില്‍ സല്യൂട്ട് സ്വീകരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.