
മൂവാറ്റുപുഴ: പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൊഴുകുന്നു. നഗരത്തിലെ വെള്ളൂര്‍ക്കുന്നം എന്‍.എസ്.എസ് സ്കൂളിന് സമീപം ജനശക്തി റോഡിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം റോഡില്‍ ഒഴുകി പോകുന്നത്. ഓരൊ മാസവും ഇവിടെ പൈപ്പ് പൊട്ടുകയാണ്.
കാലപഴക്കം മൂലമാണ് പൈപ്പുകള്‍ പൊട്ടുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് തൊട്ടു താഴെയുള്ള പ്രദേശമായതിനാല്‍ ജലത്തിന്റെ ശക്തമായ ഒഴുക്കാണ് അടിക്കടി പൈപ്പ് പൊട്ടാന്‍ കാരണമത്രെ.കഴിഞ്ഞ മാസം ഈ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടല്‍ പതിവായതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പമ്പിങ് സമയത്ത് പൊട്ടിയൊഴുകുന്ന വെള്ളം റോഡു നിറഞ്ഞൊഴുകി ചേര്‍ന്നുള്ള കാനയില്‍ കൂടി മുനിസിപ്പല്‍ ഗ്രൗണ്ടിലേക്കാണ് ചെന്ന് ചേരുന്നത്. ഇപ്പോള്‍ രണ്ടാഴ്ചയോളമായി ഇതേ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയിട്ട് കൂടി വെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സമയം അധികാരികളെ വിവരം അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ച് പ്രശനത്തിനു പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്.