2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പൊന്നാനിയിലെ മറൈൻ മ്യൂസിയം നിർമാണം സർക്കാർ അട്ടിമറിച്ചു, ഇല്ലാതാകുന്നത് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ സ്വപ്ന പദ്ധതി


പകരം ഫിഷറീസ്
സർവകലാശാല സബ്സെന്റർ,
പ്രതിഷേധവുമായി എം.പി

ഫഖ്റുദ്ദീൻ പന്താവൂർ
പൊന്നാനി
പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ സ്വപ്ന പദ്ധതിയായ സംസ്ഥാനത്തെ തന്നെ ആദ്യ മറൈൻ മ്യൂസിയം നിർമാണം സംസ്ഥാന സർക്കാർ അട്ടിമറിച്ചു. പകരം ആ സ്ഥലത്ത് ഫിഷറീസ് സർവകലാശാലയുടെ സബ്സെന്റർ നിർമിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. മറൈൻ മ്യൂസിയം പദ്ധതി അട്ടിമറിച്ചതിനെതിരേ പ്രതിഷേധവുമായി എം.പി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളായാണ് പൊന്നാനിയിൽ മറൈന്‍ മ്യൂസിയം നിർമാണത്തിന് 2014 ൽ പദ്ധതിയിട്ടത്. സിങ്കപ്പൂരിലെ യൂനിവേഴ്സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല.

ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്നു പൊന്നാനിയില്‍ ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.36 കോടി രൂപയാണ് ചെലവ്. 4. 36 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിരുന്നത്. മ്യൂസിയം കെട്ടിടം, ഷാര്‍ക്ക് പൂള്‍, ബൈസിക്കിള്‍ ട്രാക്ക്, റോളര്‍ സ്‌കേറ്റിങ് ട്രിബ്, ടോയ്‌ലെറ്റ് ബ്ലോക്ക്, വിളക്കു കാല്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതിയിട്ടിരുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒമ്പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണുണ്ടായിരുന്നത്. കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ടായിരുന്നു. ഒമ്പത് കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തില്‍ ആദ്യ പടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കേണ്ടിയിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിരുന്നത്. കായല്‍, പുഴ, കടല്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഉള്‍ക്കൊള്ളിച്ചാണ് മ്യൂസിയം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. എം.പി യുടെ ഫണ്ട് ഇതിനായി അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലായപ്പോൾ സംസ്ഥാന സർക്കാർ ഇത് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. സമുദ്രവ്യതിയാനങ്ങളും മറ്റും പഠിക്കുന്നതിനായി ഫിഷറീസ് സർവകലാശാല സബ്സെന്റർ പകരം സ്ഥാപിക്കാനാണ് ഇപ്പോൾ നീക്കം. ഇതിൻ്റെ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മറൈൻ മ്യൂസിയത്തിന് വേണ്ടി നിർമിച്ച കെട്ടിടമാണ് ഇതിനായി ഉപയോഗിക്കുക.
മറൈൻ മ്യൂസിയം അട്ടിമറിച്ച് ഫിഷറീസ് സർവകലാശാല നിർമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നിലവിൽ ആ സ്ഥലം ഫിഷറീസ് സർവകലാശാലയ്ക്ക് യോജിച്ചതുപോലുമല്ല. സർക്കാരിൻ്റെ നീക്കം ദുരൂഹമാണെന്നും എം.പി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.