
പള്ളുരുത്തി: പെരുമ്പടപ്പ് ബസ് സ്റ്റാന്‍ഡിനു സമീപം പച്ചക്കറിക്കടക്കും മൊബൈല്ഷോപ്പിനും മര ഉരുപ്പടി വില്പന കടക്കും തീപിടിച്ചു. രാവിലെ പതിനൊന്നരയോടെയായിരുന്നു തീപ്പിടിത്തം. കുമ്പളങ്ങി സ്വദേശി ടി.പി ജോഷിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളാണ് കത്തിനശിച്ചത്.
മൊബൈല്‍ ഷോപ്പിനു പിന്നിലായി പച്ചക്കറിക്കടയിലെ ജീവനക്കാര്‍ താമസിക്കുന്നിടത്തു നിന്നാണ് തീപടര്‍ന്നത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പാചകത്തിനിടയില്‍ മണ്ണെണ്ണ സ്റ്റൗവില്‍ നിന്നു തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പിലേക്കും സമീപത്തെസ്ഥാപനങ്ങളിലേക്കും, വീടുകളിലേക്കും തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ഫയര്‍ഫോഴ്സ് രണ്ടുമണിക്കൂറോളം പ്രയത്നിച്ചാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
മട്ടാഞ്ചേരി ,ഫോര്‍ട്ടുകൊച്ചി, അരൂര്‍ ,ഐലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.വിവരമറിഞ്ഞ് പള്ളുരുത്തി പൊലിസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും തീ കെടുത്തുന്നതില്‍ പങ്കാളികളായി .
15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.