2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് ഇനിയൊരു ദുരന്തമുണ്ടാവരുത്

അജേഷ് ചന്ദ്രന്‍ 

 
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പെട്ടിമുടി ദുരന്തമേഖലയ്ക്ക് സമീപമുള്ള എസ്റ്റേറ്റ് ലയങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഇവിടെ നിലവില്‍ സ്ഥിതി ചെയ്യുന്ന ലയങ്ങളുടെയും ആനമുടി ഗിരിനിരകള്‍ക്ക് സമീപത്തുള്ള ലയങ്ങളുടെയും സാഹചര്യം ഗുരുതരമാണ്. ഈ പ്രദേശങ്ങളിലെ ലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെ കൊണ്ട് പഠനം നടത്തണമെന്നും  മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആനമുടി ഗിരിനിരകള്‍ക്ക് സമീപമുള്ള  എസ്റ്റേറ്റ് ഡിവിഷനുകളായ ചിറ്റുവരൈ, വാഗുവരൈ, സെവന്‍മലൈ, ഗുണ്ടുമലൈ തുടങ്ങി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ സംബന്ധിച്ചും പഠനം നടത്തണം. ബഹുനില കെട്ടിടങ്ങള്‍ ദുരന്തങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നതിനാല്‍ മൂന്നാര്‍ മേഖലയില്‍ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിക്കണം. 
 
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കെട്ടിടങ്ങള്‍ക്ക് പ്രചാരം നല്‍കണം. കൃത്യമായ ടൗണ്‍ പ്ലാനിങ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും  റിപ്പോര്‍ട്ടിലുണ്ട്. ദുരന്തത്തിന് നാലുദിവസങ്ങള്‍ക്ക് മുന്‍പുമുതല്‍ പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ദുരന്തസമയത്ത് 30 സെന്റീ മീറ്ററായിരുന്നു മഴ രേഖപ്പെടുത്തിയിട്ടുള്ളത്.  ആനമുടി മലനിരകളുടെയും ഷോള വനമേഖലകളുടെയും സാന്നിധ്യം കാരണം പെട്ടിമുടിയില്‍ ലഭിക്കുന്ന മഴയുടെ അളവ് കൂടുതലാണ്.  
 
പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉത്ഭവിച്ചതിന്  എതിര്‍ഭാഗത്തുള്ള മലനിരകളില്‍ സംഭവദിവസം തന്നെ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായി. ഇക്കാരണങ്ങളാല്‍ ഈ പ്രദേശങ്ങളിലെ ലയങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. പെട്ടിമുടിക്ക് സമാനമായി ഇടമലക്കുടി തുടങ്ങിയ വനമേഖലയും ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രിയായിരുന്നു 66 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത്. നാലുപേരെ കാണാതാവുകയും ചെയ്തു. 1950തുകളില്‍ പണികഴിപ്പിച്ച കെ.ഡി.എച്ച്.പി കമ്പനിയുടെ 22 ലയങ്ങളാണ് പൂര്‍ണമായും മണ്ണടിഞ്ഞത്. 13 ലയങ്ങള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.