
ദിവസങ്ങളായി ചുരത്തിലെ മണ്ണിടിച്ചിലിനെ കുറിച്ചും താമരശ്ശേരി ചുരത്തിന്റെ അപകടാവസ്ഥയെ കുറിച്ചും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു! ഏറ്റവും ഒടുവിലായി ഒരു ഉത്തരവിലൂടെ ചുരം വഴിയുളള ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി ഈയൊരു സ്ഥിതി തുടരുന്നു.1989 ല്‍ സര്‍വ്വേ ആരംഭിച്ച് 1991 ല്‍ പൂര്‍ത്തിയാക്കി 1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് പ്രവൃത്തി ഉദ്ഘാടനം ചെയ്ത ആദ്യ ബദല്‍ പാതയാണ് നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ പൂഴിത്തോട് പാത. ഏകദേശം പത്ത് കോടി രൂപ പാതയ്ക്കായി നീക്കി വെക്കുകയും ഏതാണ്ട് 70% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
27 കിലോമീറ്റര്‍ മാത്രം ദൂരമുളള ഈ പാതയുടെ ഇടയില്‍ 12 കിലോമീറ്റര്‍ വനഭൂമിയാണ് തടസ്സമായി നില്‍ക്കുന്നത്. 54 ഏക്കര്‍ വനഭൂമി ഇതിലേക്ക് വിട്ടു നല്‍കേണ്ടതുണ്ടെന്നും പകരമായി ഇരട്ടിയോളം ഭൂമി വനം വകുപ്പിന് നല്കിയാല് മതിയെന്നുമാണ് അന്നത്തെ ധാരണ .അത് പ്രകാരം പടിഞ്ഞാറത്തറ, തരിയോട്, വെളളമുണ്ട, തൊണ്ടര്‍നാട്, പെരുവണ്ണാമുഴി തുടങ്ങിയ വില്ലേജുകളിലെ വിവിധയിടങ്ങളില്‍ 108 ഏക്കറോളം ഭൂമി വനം വകുപ്പിന് കൈമാറുകയും ചെയ്തു. എന്നിട്ടും ഇന്നുവരെ പാതയുടെ കാര്യത്തില്തീരുമാനമുണ്ടായില്ല.
28 വര്‍ഷമായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇന്നും മാറി മാറി വരുന്ന ഗവണ്മെന്റുകളും ജനപ്രതിനിധികളും തെരഞ്ഞെടുപ്പിനും മഴക്കാലത്തും മാത്രം ആശങ്കയുണര്‍ത്തുന്ന ഒരു പതിവ് പ്രശ്നം മാത്രമായി വയനാടിന്റെ ഈ ആവശ്യം തുടരുന്നു. അത്യാധുനിക സംവിധാനങ്ങളുളള ആശുപത്രിയോ വിമാനത്താവളമോ റെയില്‍വേയോ സ്വന്തമായി വയനാടിനില്ല. വേണമെന്ന പിടിവാശിയുമില്ല. എങ്കിലും ഇതെല്ലാമുളള സ്ഥലത്തേക്ക് സഞ്ചരിക്കാനുളള റോഡെങ്കിലും ഞങ്ങള്‍ക്ക് തന്നുകൂടേ. ചെറിയ പ്രശ്നം വരുമ്പോഴേക്കും അടച്ചിടാന്‍ കാണിക്കുന്നതിന്റെ പകുതി ആവേശമെങ്കിലും ബന്ധപ്പെട്ട അധികാരികളും മാധ്യമങ്ങളും ഉദ്യോഗസ്ഥരും കാണിച്ചിരുന്നെങ്കില്‍ എന്നേ ഈ പാതയാഥാര്ത്ഥ്യമയേനെ…!
ഇനിയും അമാന്തിച്ചു നില്‍ക്കാതെ പൂഴിത്തോട് ബദല്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരും ഒന്നിക്കേണ്ടതുണ്ട്.