മുസ്ലിംസമുദായത്തിനു രാഷ്ട്രീയ ദിശാബോധം നല്കിയ പരിണിത പ്രജ്ഞരായ പൂര്‍വകാല നേതാക്കളിലെ അവസാനത്തെ കണ്ണിയാണ് ഇ അഹമ്മദ് സാഹിബ് എം.പിയുടെ നിര്യാണത്തോടെ അറ്റുപോയിരിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് സ്ഥാപകനേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബി പോക്കര് സാഹിബ്, കെ.എം സീതി സാഹിബ്, ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്നിവരുടെ തലോടലും പ്രോത്സാഹനവും ആവോളം ലഭിച്ചു നേതൃനിരയിലേക്ക്അദ്ദേഹം ഉയരുകയായിരുന്നു. മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷനിലൂടെ വളര്‍ന്നുവന്ന ഇ.അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ അമരക്കാരനായാണു വിടവാങ്ങുന്നത്.
മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു നേതൃമഹിമ മറ്റാര്‍ക്കും കരഗതമായിട്ടില്ല. എം.എസ്.എഫ് രൂപീകരിച്ചപ്പോള്‍ പ്രഥമ ജനറല്‍ സെക്രട്ടറിയായി ഇ.അഹമ്മദിനെ നിയോഗിക്കാന്‍ അന്നത്തെ നേതൃനിരയിലുണ്ടായിരുന്ന ബാഫഖി തങ്ങള്‍ക്കോ സി.എച്ച് മുഹമ്മദ് കോയ സാഹിബിനോ അരനിമിഷംപോലും ചിന്തിക്കേണ്ടി വന്നില്ല. പടിപടിയായുള്ള ഇ അഹമ്മദിന്റെ ഉയര്‍ച്ച കേന്ദ്രമന്ത്രിസ്ഥാനത്തുവരെ എത്തി. മുസ്ലിംലീഗ് പ്രതിനിധി സ്വതന്ത്രഭാരതത്തില്‍ ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത് ഇ അഹമ്മദിലൂടെയായിരുന്നു.
യശഃശരീരയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആറു തവണയാണ് യു.എന്‍.ഒവിലേയ്ക്ക് ഇ.അഹമ്മദിനെ പ്രതിനിധിയായി അയച്ചത്. ബി.ജെ.പിയുടെ അനിഷേധ്യനേതാവ് എ.ബി വാജ്പെയ് ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴും യു.എന്‍.ഒവിലേയ്ക്ക് അയക്കുവാന്‍ ഇ.അഹമ്മദിനെയല്ലാതെ മറ്റാരെയും തെരഞ്ഞെടുത്തില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ അറബ് രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗികസന്ദേശങ്ങള് 1984 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇ അഹമ്മദിനെയാണു വിശ്വസിച്ചേല്‍പ്പിച്ചത്.
പാര്‍ട്ടിയും രാജ്യവും തന്നിലര്‍പ്പിച്ച ദൗത്യങ്ങളെല്ലാം ആത്മാര്‍ഥതയോടെ നിര്‍വഹിച്ച നേതാവായിരുന്നു ഇ.അഹമ്മദ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന്, പാകിസ്താന് പ്രതിനിധിനിയുടെ വാദമുഖങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഇ അഹമ്മദ് യു.എന്‍.ഒവില് നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ഈ പ്രസംഗത്തെക്കുറിച്ച് ഒരു വിദേശപ്രതിനിധി അദ്ദേഹത്തോടു ചോദിച്ചത് ഇപ്രകാരമായിരുന്നു: ‘മുസ്ലിമായ താങ്കള്‍ എന്തുകൊണ്ടാണു പാകിസ്താനെതിരേ ഇത്ര ശക്തമായി വാദിക്കുന്നത്.’
”പാകിസ്താന് എന്റെ ജന്മരാജ്യമല്ല, ഇന്ത്യയാണെന്റെ മാതൃരാജ്യം. ഇന്ത്യയില്‍ മുസ്ലിംകള് ഇപ്പോള്‍ത്തന്നെ ന്യൂനപക്ഷമാണ്. കശ്മീര്‍കൂടി ഇന്ത്യക്കു നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ മുസ്ലിംകള് പിന്നെയും ന്യൂനപക്ഷമാവും. അതൊരിക്കലും അനുവദിക്കാന്‍ പാടില്ല. ഞങ്ങളുടെ നേതാവ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഞങ്ങളെ പഠിപ്പിച്ചത് ഇതാണ്.” ഇതായിരുന്നു അഹമ്മദ് സാഹിബിന്റെ മറുപടി. രാജ്യസ്നേഹവും മതഭക്തിയും പാര്‍ട്ടിക്കൂറും നെഞ്ചോടു ചേര്‍ത്തുപിടിച്ചു മരണം വരെ അദ്ദേഹം.
മുസ്ലിംലീഗുകാരനു പഞ്ചായത്ത് മെമ്പര്പോലുമാവാന് സാധ്യതയില്ലാത്ത കാലത്താണ് ഇ.അഹമ്മദ് എം.എസ്.എഫിലൂടെ മുസ്ലിംലീഗില്‍ പിച്ചവച്ചു തുടങ്ങിയത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ ദേശീയ അമരത്താണ് ആ യാത്ര അവസാനിച്ചത്. കേന്ദ്രമന്ത്രിസ്ഥാനത്തു മുസ്ലിംലീഗുകാരന് എത്തിയെങ്കില്‍ അതു പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ക്കും ആദര്‍ശത്തിനും ദേശീയതലത്തില്‍ കിട്ടിയ അംഗീകാരം കൂടിയായിരുന്നു. ന്യൂനപക്ഷ പിന്നോക്കവിഭാഗങ്ങളുടെ അഭിമാനകരമായ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിനു കിട്ടിയ അംഗീകാരം.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പിന്നിട്ട മുള്‍പ്പാതകളില്‍ ആദ്യാവസാനംവരെ ഇ അഹമ്മദും ഉണ്ടായിരുന്നു. അധികാരത്തില്‍നിന്ന് ഏറെക്കാലം അകറ്റിനിര്‍ത്തപ്പെട്ട സമുദായത്തിന് ജാജ്വല്യമാനമായ അംഗീകാരം നേടിക്കൊടുത്തത് ഇ അഹമ്മദിന്റെ കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയായിരുന്നു. അന്താരാഷ്ട്രതലത്തിലേയ്ക്കുവരെ അദ്ദേഹത്തിന്റെ ഖ്യാതി ഉയര്‍ന്നപ്പോഴും മുസ്ലിംലീഗിന്റെ എളിയപ്രവര്ത്തകനാണു താനെന്ന ബോധം അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു. പഴയ തലമുറയ്ക്കൊപ്പവും പുതിയ തലമുറയ്ക്കൊപ്പവും നിസ്വാര്‍ഥമായി മരണംവരെ പാര്‍ട്ടിയോടു കൂറുപുലര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇ അഹമ്മദ് സാഹിബിന്റെ സവിശേഷത.
മുസ്ലിംലീഗിനു പൊതുസമ്മതി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. 29-ാം വയസ്സില്‍ 1967 ല്‍ ഇ അഹമ്മദിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ചത് പാര്‍ട്ടി അദ്ദേഹത്തിനു നല്കിയ അംഗീകാരം കൂടിയായിരുന്നു. വിശ്വത്തോളം വളര്‍ന്നുവെങ്കിലും ജന്മനാടിനോടുള്ള സ്നേഹാദരം അദ്ദേഹം മരണംവരെ കാത്തുസൂക്ഷിച്ചു. 40 വര്‍ഷത്തിലധികമായി കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ പ്രസിഡന്റാണ് അദ്ദേഹം.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അഭിഭാഷകനുമായിരുന്ന, ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെ അംബാസഡറായിരുന്ന, വിദേശരാഷ്ട്ര തലവന്മാരുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഇ അഹമ്മദ് ഇനിയില്ല. അല്ലാഹു അദ്ദേഹത്തിനു പരലോകസൗഖ്യം നല്കുമാറാകട്ടെ.