2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൂര്‍ത്തിയാകാത്ത ഡാമുകള്‍ രണ്ടെണ്ണം; മൂന്നാമതൊന്നിനും അണിയറ നീക്കം; പുതുതായി നിര്‍മിക്കുന്ന തൊണ്ടാര്‍ ഡാം ആര്‍ക്കുവേണ്ടിയെന്ന് കര്‍ഷകര്‍

നിസാം കെ. അബ്ദുല്ല

കല്‍പ്പറ്റ: നിര്‍മാണം ആരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൂര്‍ണതയിലെത്താത്ത രണ്ട് ഡാമുകള്‍ക്ക് പിന്നാലെ മൂന്നാമതൊന്നിനായി അണിയറ നീക്കങ്ങളുമായി അധികൃതര്‍. കാവേരി ട്രിബ്യൂണല്‍ അനുവദിച്ച ജലത്തിന്റെ 0.3 ടി.എം.സി ജലം സംഭരിച്ച് 1400 ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനം പ്രാവര്‍ത്തികമാക്കുകയാണ് തൊണ്ടാര്‍ ഡാം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാല്‍ തങ്ങളുടെ കൃഷിയിടങ്ങളെല്ലാം ഇല്ലാതാക്കുന്ന ഈ ഡാം ആര്‍ക്ക് വേണ്ടിയാണെന്ന മറുചോദ്യവുമായി പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകള്‍ ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിട്ടില്ല. 1979ല്‍ നിര്‍മാണം ആരംഭിച്ച ബാണാസുര സാഗര്‍ ഡാം കാര്‍ഷിക മേഖലയിലേക്ക് ജലസേചനം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതേ അവസ്ഥയാണ് 1987ത്തില്‍ നിര്‍മാണം ആരംഭിച്ച കാരാപ്പുഴയും.
നിരവധി കുടുംബങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ടി വരികയും ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു എന്നല്ലാതെ വയനാട്ടിലെ കര്‍ഷകര്‍ക്ക് ഈ രണ്ട് ഡാമുകള്‍ കൊണ്ടും കാര്യമായ ഗുണമൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും 200ലധികം കുടുംബങ്ങളെയും കുടിയൊഴിപ്പിച്ച് പുതിയ ഡാമിനുള്ള കോപ്പ് കൂട്ടലുകളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
മാനന്തവാടി താലൂക്കിലെ എടവക, വെള്ളമുണ്ട, കാഞ്ഞിരങ്ങാട് വില്ലേജുകളെയാണ് ഡാം വരുന്നത് കൂടുതല്‍ ബാധിക്കുക. പരമ്പരാഗത കര്‍ഷകരായ കുറിച്യ വിഭാഗത്തില്‍പ്പെട്ടവരും മറ്റ് വിഭാഗത്തിലെ കര്‍ഷകരും കൂടുതലുള്ള പ്രദേശങ്ങളാണ് ഇത്. ഇവിടെ വന്‍കിട ജലസേചന പദ്ധതി വരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്.
അതേസമയം വിവിധയിടങ്ങളിലായി ചെക്ക്ഡാമുകള്‍ സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനാണ് അധികൃതര്‍ തയാറാവേണ്ടതെന്നും ഇവര്‍ പറയുന്നു. ഏതാണ്ട് 11.5 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെ ഉയരത്തിലും 205 മീറ്റര്‍ നീളത്തിലുമാണ് ഡാം നിര്‍മിക്കാനുദ്ധേശിക്കുന്നത്.
കബനിയുടെ കൈവഴികളായ 10 നീര്‍ച്ചാലുകളെ തടഞ്ഞ് നിര്‍ത്തി വെള്ളം സംഭരിക്കുകയെന്നതാണ് ലക്ഷ്യമിടുന്ന പദ്ധതി.
മൂളിത്തോട് ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 450 കോടി രൂപ മുടക്ക് മുതലില്‍ തൊണ്ടാര്‍ ഡാം നിര്‍മിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വന്യജീവി ശല്ല്യമോ, പ്രളയ ഭീഷണിയോ ഇല്ലാത്ത മികച്ച വിളവ് ലഭിക്കുന്നതും ജലലഭ്യതയുള്ളതുമായ കൃഷിയിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിലാവുക.
അതുകൊണ്ട് തന്നെ പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശത്തുകാര്‍. പദ്ധതിക്കെതിരേ സമരങ്ങളടക്കം ആരംഭിച്ചിട്ടുമുണ്ട് ഇവര്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.