
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന്, പുളിന്താനം തോട്ടില്‍ മീനുകള്‍ ചത്തുപൊങ്ങി. തോടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നും രാസമാലിന്യം തള്ളിയതിനാലാണ് വെള്ളത്തിന് നിറം മാറ്റം സംഭവിച്ച് മീനുകള്‍ ചത്ത് പൊങ്ങാന്‍ കാരണമെന്ന് സമീപവാസികള്‍ പറയുന്നു. ഇതിന് മുമ്പും സമാന രീതിയില്‍ തോട്ടിലേക്ക് മാലിന്യം തള്ളിയിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കുകയും പൊലിസും മറ്റ് അധികൃതരും എത്തി പരിശോധന നടത്തുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആളെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ സംഭവത്തിനെ തുടര്‍ന്ന് ജലത്തിന്റെ നിറം മാറ്റം പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും മറ്റും ഉദ്യോഗസ്ഥരെത്തി ജലം പരിശോധനയ്ക്കായി കൊണ്ടുപോയി.
കുന്നത്തുനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി വാഴക്കുളം പഞ്ചായത്തിലെത്തി പെരിയാറിലേക്കാണ് ഈ ജലം ഒഴുകിയെത്തുന്നത്. ചെറുവേലിക്കുന്നിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും, പെരിയാറിലെ പമ്പ് ഹൗസിലേക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.