2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട് ദുരൂഹത ഇതുവരെ നീങ്ങിയില്ല

 

 

 

ശ്രീനഗര്‍: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു കശ്മിരിലെ പുല്‍വാമ ജില്ലയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ പാക് പിന്തുണയുള്ള ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. 40 വീരജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇതില്‍ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറും ഉള്‍പ്പെട്ടിരുന്നു.
അതീവ സുരക്ഷയുള്ള പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ എങ്ങനെ ഭീകരരുടെ വാഹനം എത്തിയെന്നതിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3.15ന് അവധി കഴിഞ്ഞു മടങ്ങുന്നവരടക്കമുള്ള 2547 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേര്‍ ഓടിച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് അതിലുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പൂര്‍ണമായി തകര്‍ന്ന 76ാം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാര്‍ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ജയ്‌ഷെ ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍.
സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോവുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സേനാംഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും സി.ആര്‍.പി.എഫ് ഡി.ഐജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കശ്മിര്‍ പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ആവശ്യമായ മുന്‍കരുതലുകല്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയായിരുന്നു.
ചാവേറായ ആദിലിന് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എവിടെനിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുന്‍പായിരുന്നു ആക്രമണമെന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയമാനവും കൈവന്നിരുന്നു. ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി മുതല പാര്‍ക്കില്‍ സ്വകാര്യ ചാനലിനു വേണ്ടിയുള്ള ഷൂട്ടിങ് തുടര്‍ന്നതും വിവാദമായിരുന്നു.
സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ നോവടങ്ങും മുമ്പ് മോദി തെരഞ്ഞെപ്പ് പ്രചാരണത്തിന് ഈ വിഷയം ആയുധമാക്കിയതും വന്‍ വിവാദമായി. ഇതിനെതിരേ മുന്‍ സൈനിക മേധാവിമാരടക്കം രംഗത്തെത്തിയിരുന്നു.
പുല്‍വാമ ആക്രമണവും അതിന് ശേഷമുണ്ടായ ബാലകോട്ട് ആക്രമണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരാജയങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ മോദിക്ക് ഏറെ സഹായകമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12ാംദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്. എന്നാല്‍ ആ കേന്ദ്രം തകര്‍ത്തില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.