2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കായി വിജ്ഞാപനമിറക്കി

ദുരന്തത്തിലേക്ക്     നയിച്ച സാഹചര്യങ്ങളും കാരണങ്ങളും കമ്മിഷന്‍ അന്വേഷിക്കും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയമിച്ച റിട്ട. ഹൈക്കോടതി ജഡ്ജി പി.എസ് ഗോപിനാഥന്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും നിയതമായ കാരണങ്ങളും കമ്മിഷന്‍ അന്വേഷിക്കും.
1884ലെ സ്‌ഫോടകവസ്തു നിയമത്തിന്റെയോ (1884ലെ നാലാം കേന്ദ്ര ആക്ട്) സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമങ്ങളുടെയോ, ചട്ടങ്ങളുടെയോ, ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നതും ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച്ചപറ്റിയിട്ടുണ്ടോ എന്നതും കമ്മിഷന്റെ അന്വേഷണ പരിധിയില്‍ വരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഏജന്‍സികള്‍ സ്വീകരിക്കേണ്ട നടപടികള്‍ കമ്മിഷന്‍ നിര്‍ദേശിക്കണം. ഇതുമായി ബന്ധപ്പെട്ട് ആകസ്മികമായി സംഭവിക്കാവുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. 1952ലെ അന്വേഷണ കമ്മിഷന്‍ നിയമം വകുപ്പ് അഞ്ചിന്റെ രണ്ട്, മൂന്ന്, നാല്, അഞ്ച്  ഉപ വകുപ്പുകള്‍ അതേ വകുപ്പിലെ ഉപ വകുപ്പ് ഒന്നു പ്രകാരം കമ്മിഷന്‍ നടപടികള്‍ക്ക്  ബാധകമാക്കിയിട്ടുണ്ട്.
അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവുമുള്ള, ഫലപ്രദമായ തെളിവ് നല്‍കാന്‍ കഴിയുന്ന വ്യക്തികള്‍, സംഘങ്ങള്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, പരിക്കേറ്റവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് കമ്മിഷന്‍ മുന്‍പാകെ തെളവുനല്‍കാം.
അപകടം മൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ, പത്രികയോ, നിര്‍ദേശങ്ങളോ വിശദാംശങ്ങളും ഫോണ്‍ നമ്പര്‍ സഹിതം 27ന് മുന്‍പ്  സെക്രട്ടറി, ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍, അന്വേഷണ കമ്മിഷന്‍, പുല്ലുകാട്ട്, എസ്. ആര്‍. എം റോഡ്, എറണാകുളം നോര്‍ത്ത് – 682018 എന്ന വിലാസത്തിലോ ഇ-മെയിലിലോ (ുേtuശിഴമഹ.രീാാശശൈീി@ഴാമശഹ.രീാ) സമര്‍പ്പിക്കണം. ഫോണ്‍ 9495326050. 15മുതല്‍ 27വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകിട്ട് നാലിനുമിടയില്‍ കൊല്ലം ചിന്നക്കട പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസില്‍ കമ്മിഷന്‍ സെക്രട്ടറിക്ക് നേരിട്ടും വിശദാംശങ്ങള്‍ സമര്‍പ്പിക്കാം. കമ്മിഷന്റെ അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സംഘടനകളും 27ന് വൈകിട്ട്  നാലിനു മുന്‍പ് നേരിട്ടോ, അഭിഭാഷകര്‍ അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മിഷന് അപേക്ഷ സമര്‍പ്പിക്കണം.
 സത്യവാങ്മൂലം, പത്രിക, നിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്നവര്‍ അനുബന്ധ രേഖകളുടെയും വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങള്‍ അടങ്ങിയ പട്ടികയും ഹാജരാക്കണം. രേഖയുടെ അസ്സലോ, ശരിപ്പകര്‍പ്പോ ആണ് നല്‍കേണ്ടത്. രേഖ ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ കൈവശമാണെങ്കില്‍ കൈവശക്കാരന്റെ പേരും വിലാസവും വ്യക്തമാക്കണം. സത്യവാങ്മൂലവും പത്രികയും നിര്‍ദേശങ്ങളും നല്‍കുന്നവരെ കമ്മിഷന്‍ മുന്‍പാകെ വിസ്തരിക്കാം. കമ്മിഷന്റെ സിറ്റിങ്  എറണാകുളത്തും കൊല്ലത്തും കമ്മിഷന് യുക്തമെന്നും ആവശ്യമെന്നും തോന്നുന്ന മറ്റ് സ്ഥലങ്ങളിലും നടത്തുന്നതാണെന്നും സിറ്റിങ്് സ്ഥലം, തീയതി, സമയം, മുതലായവ പിന്നീട് അറിയിക്കുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിനാല്‍ സംഭവത്തെപ്പറ്റി നേരിട്ടറിയുന്നവര്‍ കൃത്യമായും വീഴ്ചകൂടാതെയും തെളിവുനല്‍കി കമ്മിഷനെ സഹായിക്കണമെന്നും സെക്രട്ടറി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.