2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുറത്തല്ല, ജോസ് അകത്തു തന്നെ; ഇടതുമുന്നണി കൂടുതല്‍ ശക്തമാകുമെന്ന് സി.പി.എം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കാതെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ ജോസ് വിഭാഗം കൂടി മുന്നണിയിലെത്തുന്നതോടെ മുന്നണി കുടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. മുന്നണി വിപുലീകരണത്തില്‍ സംസ്ഥാനത്തു തന്നെ തീരുമാനമെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ എത്രയും വേഗം മുന്നണിയില്‍ പ്രവേശിപ്പിച്ചു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം.
ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും പാര്‍ട്ടി തീരുമാനം മുന്നണി യോഗത്തില്‍ ബോധ്യപ്പെടുത്താനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി.
ജോസ് കെ. മാണി ഇന്നലെ എ.കെ.ജി സെന്ററിലും എം.എന്‍ സ്മാരകത്തിലുമെത്തി സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു മുന്‍പു തന്നെ ജോസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ് ജോസിന്റെ മുന്നണി പ്രവേശനത്തിന് കാനം എതിര്‍പ്പു പ്രകടിപ്പിക്കാതിരുന്നത്. വരുന്ന ബുധനാഴ്ച സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനമാണു യോഗത്തിന്റെ പ്രധാന അജന്‍ഡ.
ജോസ് വിഭാഗത്തെ മുന്നണി ഘടകകക്ഷിയാക്കുന്നതില്‍ ഇപ്പോഴും സിപി.ഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. അത് എക്‌സിക്യൂട്ടീവിലും പ്രതിഫലിക്കും. ഇതു മുന്നില്‍ കണ്ട് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണു കാനത്തിനു മുന്നിലുള്ളത്. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാതെ മുന്നണിക്കു പുറത്തുനിര്‍ത്തി സഹകരിപ്പിച്ചാല്‍ മതിയെന്ന അഭിപ്രായവും സി.പി.ഐയിലുണ്ട്.
ജോസ് വിഭാഗത്തിനു നല്‍കേണ്ട സീറ്റുകളെ സംബന്ധിച്ചൊന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തില്ല. തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കി മത്സരത്തിലേക്കു പോകണമെന്ന തീരുമാനമാണ് പ്രധാനമായും സെക്രട്ടേറിയറ്റിലുണ്ടായത്. ഇടതുമുന്നണി യോഗത്തിനു മുന്‍പായി മുന്നണിയിലെ മറ്റു പാര്‍ട്ടികളുമായി സി.പി.എം ചര്‍ച്ച നടത്തും. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പി ഉടക്കിടാന്‍ വന്നാല്‍ മാത്രം നിലപാടെടുത്താല്‍ മതിയാകുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. അവര്‍ മുന്നണി വിട്ടുപോകാനുള്ള സാഹചര്യമുണ്ടാകരുതെന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.