2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുതുവര്‍ഷത്തിന് മുമ്പ് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം

അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി കൃഷി മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സമരക്കാരുമായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായും പുതുവര്‍ഷത്തിനു മുന്‍പ് സമരം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍.
പുതിയ നിയമങ്ങള്‍ മണ്ഡി സംവിധാനത്തെ തകര്‍ക്കില്ലെന്നും താങ്ങുവില സംവിധാനം തുടരുമെന്നുമുള്ള ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. ലക്ഷ്യത്തിലെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നും തോമര്‍ വ്യക്തമാക്കി.
സിന്‍ഗുവില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേരാന്‍ ബോളിവുഡ് താരം സ്വരാ ഭാസ്‌കറുമെത്തി. നിശ്ചയദാര്‍ഢ്യത്തോടെ സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കൊപ്പമിരിക്കുന്നത് തന്റെ ദിവസത്തെ വിനയാന്വിതമാക്കിയെന്ന് സ്വര പറഞ്ഞു. താന്‍ കര്‍ഷകയോ കര്‍ഷക കുടുംബത്തിലെ അംഗമോ അല്ല.
എന്നാല്‍ ഭക്ഷണം കഴിക്കുന്ന ഓരോരുത്തരെയും പോലെ തനിക്കും കര്‍ഷകരുമായി ബന്ധമുണ്ട്. ഈ സമരത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു.
കര്‍ഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് ആവശ്യപ്പെട്ടു. രാജ്യത്തെ ജുഡീഷ്യറിയും ബ്യൂറോക്രസിയുമെല്ലാം കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗെഹ്്‌ലോട്ട് കുറ്റപ്പെടുത്തി.
അതിനിടെ സിന്‍ഗുവിലെ സമരക്കാര്‍ ട്രോളി ടൈംസ് എന്ന പേരില്‍ പഞ്ചാബിയിലും ഹിന്ദിയിലുമായി ദിനപ്പത്രം മാതൃകയില്‍ ന്യൂസ് ലെറ്ററും പുറത്തിറക്കി. 2,000 കോപ്പി പത്രമാണ് അച്ചടിച്ച് കര്‍ഷകരുടെ വീടായ ട്രാക്ടറില്‍ ഘടിപ്പിച്ച ട്രോളികളില്‍ വിതരണം ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.