2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അടുത്ത സെപ്റ്റംബറോടെ

 

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ തീരുമാനം. യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മെമ്പര്‍ഷിപ്പ് കാംപയിന്‍ നവംബര്‍ ഒന്നു മുതല്‍ അടുത്ത മാര്‍ച്ച് 31വരെയാണ്. അംഗങ്ങളുടെ പ്രാഥമിക പട്ടിക മാര്‍ച്ച് 31ന് പ്രസിദ്ധീകരിക്കും.

ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയില്‍ പുതിയ പി.സി.സി അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, ട്രഷറര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന നടപടി പൂര്‍ത്തിയാക്കും.
എ.ഐ.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടിയും ഇതേ കാലയളവില്‍ പൂര്‍ത്തിയാക്കും. പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളെയും എ.ഐ.സി.സിയുടെ ഉപസംഘടനകളിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്നും ഇതിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. താന്‍ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ 2021 ജൂണ്‍ 30ഓടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തെ ഓര്‍മിപ്പിച്ചു.

എന്നാല്‍ കൊവിഡ് രണ്ടാംതരംഗം വന്നതോടെ മേയ് 10ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി അത് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. ഇപ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് തിയതി എല്ലാവരുടെയും മുന്നില്‍വയ്ക്കുകയാണെന്നും സോണിയ യോഗത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.