2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

പുതിയകാലത്തെ യാദവപ്പോര്


മക്കളെ രാഷ്ട്രീയത്തില്‍ കരപറ്റിക്കാന്‍ പിതാക്കള്‍ നടത്തുന്ന കഠിനപ്രയത്‌നം ഒടുവില്‍ അവര്‍ക്കുതന്നെ വിനയായിത്തീരുന്ന കാഴ്ചയാണ് സമകാല ഇന്ത്യന്‍രാഷ്ട്രീയത്തില്‍ കണ്ടുവരുന്നത്. മക്കളൊന്നു കരപറ്റിയാല്‍ പിതാക്കന്മാര്‍ പെരുന്തച്ചന്‍ മാനസികാവസ്ഥയിലായിപ്പോവുകയാണ്. യു.പിയിലും അതാണിപ്പോള്‍ കണ്ടുവരുന്നത്.

യു.പി രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന മുലായംസിങ് യാദവിനെ അസ്തപ്രജ്ഞനാക്കുംവിധമാണു മകന്‍ അഖിലേഷ് യാദവിന്റെ ഓരോ നീക്കവും. അഖിലേഷ് യു.പി മുഖ്യമന്ത്രിയായതിനുശേഷം അദ്ദേഹത്തിനുണ്ടായ വളര്‍ച്ചയും ജനസ്വാധീനവും കണ്ട് വീതുളി കൈയില്‍പ്പിടിച്ചാണു മുലായംസിങ് ഓരോ നീക്കവും നടത്തുന്നത്. ഇതുപക്ഷേ, യു.പി രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ കൗതുകത്തോടെ നോക്കിക്കാണുന്നത്.

യു.പി നിയമസഭാതെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയായ എസ്.പി പിളര്‍പ്പിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നോട്ടു മരവിപ്പിക്കലിനുശേഷം ജനവികാരം എങ്ങനെ യു.പിയില്‍ പ്രതിഫലിക്കുമെന്ന ബി.ജെ.പിയുടെ അങ്കലാപ്പും ദേശീയരാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി യു.പിയെ മാറ്റിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി യു.പിയിലെ പരിവര്‍ത്തന്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടു നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ അങ്കലാപ്പു വ്യക്തമാക്കുന്നു. നോട്ടു മരവിപ്പിക്കലിനു യു.പിയിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണു റാലിയില്‍ തടിച്ചുകൂടിയ പുരുഷാരവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

തെരുവില്‍ നടക്കുന്ന ഏതു പരിപാടിക്കും ജനം തടിച്ചുകൂടുക സ്വാഭാവികമാണ്. അതു നോട്ടുപിന്‍വലിച്ചതിന്റെ അംഗീകാരമായി കാണാന്‍ പറ്റില്ല. അംഗീകാരമായിരുന്നെങ്കില്‍ അമിത്ഷാ യു.പിയില്‍ നിന്ന് ഒരുനിമിഷംപോലും മാറാതെ ഓരോരോ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഉരുക്കഴിച്ച് അവിടെത്തന്നെ നില്‍ക്കില്ലായിരുന്നു. പല ഉന്നതര്‍ക്കും ബി.ജെ.പിയില്‍ അംഗത്വം നല്‍കിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് അദ്ദേഹം.
ബി.ജെ.പിയുടെ അഭിമാനപ്രശ്‌നമാണു യു.പി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത്. 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മോദിയുടെ ഭാവി നിര്‍ണയിക്കും. രാജ്യസഭയില്‍ ബി.ജെ.പിക്കു ഭൂരിപക്ഷം കിട്ടണമെങ്കില്‍ യു.പിയില്‍ ജയിച്ചേ മതിയാകൂ. വര്‍ഗീയകലാപങ്ങളുടെയും ഗുണ്ടാ വിളയാട്ടങ്ങളുടെയും തട്ടിക്കൊണ്ടുപോകലിന്റെയും പ്രഭവകേന്ദ്രമായ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി അത്തരം ആളുകള്‍ക്ക് സുരക്ഷയൊരുക്കി വരുകയായിരുന്നു. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി പാര്‍ട്ടിക്കും ഭരണത്തിനും ജനകീയമുഖം നല്‍കുന്നതില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്.

വര്‍ഗീയകലാപങ്ങളില്‍ ബി.ജെ.പിയെ തളക്കുന്നതില്‍ മുലായം സിംങ് വലിയ പരാജയമായിരുന്നു. യുപിയില്‍ സമാജ് വാദി പാര്‍ട്ടി പിളരുകയാണെങ്കില്‍ അത് ആര്‍ക്കായിരിക്കും ഗുണം ചെയ്യുകയെന്നതു പ്രവചിക്കാനാവില്ലെങ്കിലും ആത്യന്തികമായി ബി.ജെ.പിയെ ദോഷകരമായി ബാധിക്കുമെന്നാണു കരുതേണ്ടത്. മുലായംസിങ് യാദവിന്റെ ന്യൂനപക്ഷനിലപാടു കാരണം യു.പി മുസ്‌ലിംകളില്‍ വലിയൊരുവിഭാഗം ബി.എസ്.പിയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. മുസ്‌ലിംകള്‍ക്കൊപ്പമാണെന്നു വരുത്തിത്തീര്‍ക്കുയും നിര്‍ണായകപ്രശ്‌നങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ മുഖംതിരിച്ചു നില്‍ക്കുകയും ചെയ്യുന്ന നിലപാടാണു മുലായംസിങ് സ്വീകരിച്ചത്.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നതിലും നിരവധി വര്‍ഗീയകലാപങ്ങളില്‍ മുസ്‌ലിംകള്‍ നേരിട്ട കഷ്ടപ്പാടിലും ദുരിതങ്ങളിലും അവരോട് അനുകമ്പാര്‍ഹമായ സമീപനം ഭരണകൂടത്തില്‍ നിന്നുണ്ടായില്ല. ആ നിലയ്ക്ക് എസ്.പിയില്‍ പിളര്‍പ്പുണ്ടായാല്‍ മുസ്‌ലിംകളുടെ അനുഭാവം മുലായംസിങ് യാദവിനും അഖിലേഷ് യാദവിനും ലഭിക്കാനുള്ള സാധ്യത കുറവാണ്. ബി.എസ്.പി നേതാവ് മായാവതി ബി.എസ്.പിയിലെ മുസ്‌ലിംനേതാക്കളെ വലിയതോതില്‍ പരിഗണിക്കുകയും ഉന്നതസ്ഥാനങ്ങള്‍ നല്‍കുകയും മുസ്‌ലിംന്യൂനപക്ഷത്തോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ എസ്.പിയിലെ പിളര്‍പ്പ് ബി.ജെ.പിയുടെ ചങ്കിടിപ്പായിരിക്കും വര്‍ധിപ്പിക്കുക.

ഇന്ത്യയുടെ ഹൃദയഭൂമിയാണ് യു.പി. യു.പി പിടിച്ചടക്കിയാല്‍ ഇന്ത്യ പിടിച്ചടക്കിയെന്നതാണു രാഷ്ട്രീയക്കാര്‍ പ്രമാണമായി സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ മൂന്നുമാസം കഴിഞ്ഞാല്‍ യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെയായിരിക്കും നിര്‍ണയിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.