2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുടിൻ-സെലൻസ്‌കി ചർച്ച തള്ളി റഷ്യ, ഇതുവരെ ഉക്രൈൻ വിട്ടത് 38 ലക്ഷം പേർ

 

രണ്ടായി വിഭജിക്കാനാണ്
റഷ്യയുടെ ശ്രമമെന്ന് ഉക്രൈൻ
മോസ്‌കോ
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനും ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത തള്ളി ക്രെംലിൻ. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്രതലത്തിലുള്ള ചർച്ചകൾ തുടരുമെന്നും റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കൊവ് പറഞ്ഞു. ഇന്നലെ രാത്രിയോടെ തുർക്കിയിൽ വച്ച് റഷ്യ-ഉക്രൈൻ നയതന്ത്രതല ചർച്ച തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. സമാധാനം തിരികെകൊണ്ടുവരുന്നതിനായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ ചർച്ച. പുട്ടിനുമായി ഉർദുഗാൻ ഞായറാഴ്ച ടെലിഫോണിൽ സംസാരിച്ചിരുന്നു.
ഒരുമാസത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിൽ നിന്ന് ഇതുവരെ 3,866,224 ലക്ഷം പേർ പലായനം ചെയ്തതായി യു.എൻ അറിയിച്ചു. ഇതിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇതിൽ കൂടുതലും പോളണ്ടിലേക്കാണ് രക്ഷതേടി പോയത്. 22 ലക്ഷത്തോളംവരും പോളിഷ് അതിർത്തി കടന്നെത്തിയ ഉക്രൈൻ പൗരൻമാർ. റുമേനിയ, മോൾദോവ, ഹംഗറി, ഫ്രാൻസ് എന്നിവിടങ്ങളിലേക്കും കുടിയേറ്റമുണ്ടായി.
അതേസമയം, കൊറിയയുടെ കാര്യത്തിൽ സംഭവിച്ചതു പോലെ ഉക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് ഉക്രൈൻ മിലിറ്ററി ഇന്റലിജൻസ് മേധാവി ക്രൈലോ ബിഡാനോവ് പറഞ്ഞു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിലും ഉക്രൈൻ സർക്കാരിനെ നീക്കുന്നതിലും പരാജയപ്പെട്ടതിനു പിന്നാലെ പുട്ടിൻ ഉക്രൈനിന്റെ തെക്കും കിഴക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. ഇത് ദക്ഷിണ, ഉത്തര കൊറിയകളെ പോലെ രാജ്യത്തെ വിഭജിച്ച് രണ്ടു രാജ്യങ്ങളാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിഭജനം ഇല്ലാതാക്കാൻ വേണ്ടിവന്നാൽ ഒളിപ്പോർ തുടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനിടെ റഷ്യൻ സേനയ്‌ക്കെതിരെ പോരാടാൻ ഉക്രൈന് യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ എണ്ണയും ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് സെലെൻസ്‌കിയുടെ അഭ്യർഥന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.