വാഷിങ്ടൺ
ഉക്രൈൻ അധിനിവേശത്തിന് നേതൃത്വം നൽകുന്ന റഷ്യൻ പ്രസിഡന്റ് പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് യു.എസ് സെനറ്റ്. പുടിനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യു.എസ് സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കി. യു.എസ് സെനറ്റിൽ ഐകകണ്‌ഠ്യേന ഒരു പ്രമേയം പാസാക്കുന്നത് പതിവില്ലാത്തതാണെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ സെനറ്റർമാരെല്ലാം പിന്തുണച്ചു.
ഇതോടെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉക്രൈൻ അധിനിവേശക്കാലത്തെ ഏത് അന്വേഷണത്തിലും റഷ്യൻ സൈന്യത്തെ പ്രതിസ്ഥാനത്ത് നിർത്തുമെന്ന് ഉറപ്പായി. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്യൻ മണ്ണിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണ് റഷ്യയുടെ ഉക്രൈൻ അധിനിവേശം. യു.എസ് സെനറ്റ് തീരുമാനത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും റഷ്യ സ്റ്റോപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതോടെ ഇവർക്ക് റഷ്യയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. യു.എസ് സെനറ്റിന്റെ നീക്കം ഉക്രൈന്റെ മറ്റൊരു നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. ഈ ചേംബറിലെ എല്ലാവരും, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ചേർന്ന് ഉക്രൈൻ ജനതയ്‌ക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ പുടിന് കഴിയില്ലെന്ന് ഉറപ്പുവരുത്തുമെന്ന് വോട്ടെടുപ്പിന് മുന്നോടിയായി യു.എസ് സെനറ്റിലെ പ്രസംഗത്തിൽ ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷുമർ പറഞ്ഞു.
Comments are closed for this post.