
കൊച്ചി
വെണ്ണല വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മുൻ എം.എൽ.എ പി.സി ജോർജ് ഒളിവിൽ. പി.സി ജോർജിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി. ഗണ്മാനിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പൊലിസ് വിവരങ്ങൾ തേടി. കഴിഞ്ഞദിവസം പി.സി ജോർജിനെ തേടി വീട്ടിലെത്തിയ പൊലിസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.
ഇതിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് പി.സി ജോർജ് പുറത്തേക്ക് പോയതായി വ്യക്തമായി. ജോർജിൻ്റെ ഫോൺ സ്വിച്ച്ഓഫ് ആണെന്നും ടവർ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മട്ടാഞ്ചേരി എ.സി.പി എ.ജി രവീന്ദ്രനാഥ് വ്യക്തമാക്കി. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ് പോകാൻ സാധ്യതയുള്ള കൂടുതൽ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരേ പി.സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വെണ്ണല മഹാദേവക്ഷേത്രത്തിൽ നടന്ന പരിപാടിയിലും ജോർജ് വർഗീയ പരാമർശം നടത്തിയത്. കിഴക്കോക്കോട്ട സംഭവത്തിലെ ജാമ്യവ്യവസ്ഥയിൽ ഇനി വർഗീയ പരാമർശം നടത്തരുതെന്ന് കോടതി നിർദേശിച്ചിരുന്നു. വിദ്വേഷ പ്രസംഗം ആവർത്തിച്ചതോടെയാണ് പൊലിസ് വീണ്ടും കേസെടുത്തത്.