
തിരുവനന്തപുരം: വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും പുലിമുട്ട് നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് വലിയതുറ നിവാസികള്‍ പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ വലിയതുറ പ്രദേശത്ത് പതിനാലോളം വീടുകള്‍ തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. വലിയതുറ സെന്റ്.സേവ്യേഴ്സ് ചര്‍ച്ച്, പ്രദേശത്തെ യുവജനങ്ങളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ സേവ് വലിയതുറ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുലിമുട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. പ്രതിഷേധത്തിന് ശേഷം തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി അധികൃതരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പ്രാഥമിക നടപടിയായി ചെളി നിറച്ച ചാക്കുകള്‍ നിരത്തി തീരം സംരക്ഷിക്കുമെന്നും പുലിമുട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ബീമാപ്പള്ളി വാര്‍ഡ് കൗണ്‍സിലര്‍ ബീമാപ്പള്ളി റഷീദ്, വലിയതുറ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക്, സേവ്യര്‍ ലോപ്പസ്, ഫാ. സുധീഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.