
പാലക്കാട്: പി.കെ.ശശി എം.എല്‍.എയെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുക്കും. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ ശശിയെ രണ്ടുവര്‍ഷം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് സി.പി.എം പ്രാഥമികാംഗമായി തിരിച്ചെടുത്തത്.
പി.കെ. ശശി എം.എല്‍.എ സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജില്ലാകമ്മിറ്റി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധിക്കുശേഷം ശശി പാര്‍ട്ടിയുടെ ഏതുഘടകത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതുസംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നായിരുന്നു ശുപാര്‍ശ.സസ്പെന്ഷന് കാലയളവില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചതായി ജില്ലാകമ്മിറ്റി വിലയിരുത്തി. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ വനിത ശശിക്കെതിരേ പീഡനാരോപണം ഉന്നയിച്ച് കേന്ദ്രകമ്മിറ്റിക്ക് നല്കിയ പരാതിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 2018 ഓഗസ്റ്റിലാണിത്.
പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതിയും എ.കെ ബാലനും നടത്തിയ അന്വേഷണത്തെത്തുടര്‍ന്നായിരുന്നു നവംബറില്‍ ശശിക്കെതിരായ നടപടി. മേയ് മാസത്തോടെ സസ്പെന്ഷന് കാലാവധി അവസാനിച്ചെങ്കിലും പി.കെ ശശി പ്രവര്‍ത്തിക്കേണ്ട ഘടകം സംബന്ധിച്ച് തീരുമാനിച്ചിരുന്നില്ല.