2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പിടിവിട്ട സമരത്തിനു പരിസമാപ്തി


സംയമനത്തോടെ ആരംഭിച്ച ജല്ലിക്കെട്ടു സമരം ഇന്നലെ കാലത്ത് ഏഴുമണിയോടെ അക്രമാസക്തമായതോടെ അതു എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ദക്ഷിണേന്ത്യയെ അപകടാവസ്ഥയിലെത്തിക്കുമെന്ന് എല്ലാവരും ഭയന്നിരുന്നു. നിമിഷനേരംകൊണ്ടാണു തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ അക്രമം പടര്‍ന്നത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മറീന ബീച്ചില്‍ തടിച്ചുകൂടിയ സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജാണു പ്രക്ഷോഭകരെ അക്രമാസക്തരാക്കിയത്.
ചെന്നൈയില്‍ ഒരു പൊലിസ് സ്റ്റേഷന്‍ കത്തിക്കുന്നതില്‍വരെ സമരമെത്തി. തുടക്കത്തില്‍ സമരക്കാരെ അനുനയത്തോടെ സമീപിച്ച പൊലിസ് ഒടുവില്‍ സംയമനം വെടിഞ്ഞു ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതോടെ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അക്രമം പടര്‍ന്നു. മറീന ബീച്ചില്‍നിന്ന് ഇപ്പോഴും പാതിയോളം പേര്‍ പിരിഞ്ഞുപോയിട്ടില്ല.
വലിയ പുരുഷാരവമുണ്ടായിട്ടും അനിഷ്ടസംഭവത്തിന് ഇടനല്‍കാതെ മുന്നോട്ടുനീങ്ങിയ സമരത്തെ അക്രമത്തിന്റെ പാതയിലേയ്ക്കു തിരിച്ചുവിട്ടതു പൊലിസിന്റെ വീഴ്ചയായിരുന്നു. എങ്ങനെയെങ്കിലും സമരം അവസാനിക്കണമെന്നതു സര്‍ക്കാരിന്റെ ആവശ്യമായിരുന്നിരിക്കാം. സമരംചെയ്യുന്നവര്‍ക്കു ശരിയായ നേതൃത്വമില്ലാത്തതിനാല്‍ ആരോടു ചര്‍ച്ചചെയ്യണമെന്ന ആശയക്കുഴപ്പവും സര്‍ക്കാരിനും പൊലിസിനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഇക്കാര്യം സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു.  
വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധസമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കനലുകള്‍ കെട്ടടങ്ങാത്ത ജല്ലിക്കെട്ടു സമരം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു സമരത്തെ തണുപ്പിക്കാനായിരുന്നില്ല. സമരക്കാരുടെ  ഉപരോധത്തെ തുടര്‍ന്ന് മധുര അളകനല്ലൂരിലെ  ജല്ലിക്കെട്ടിന്റെ ഉദ്ഘാടനം നടത്താനാവാതെ മുഖ്യമന്ത്രിക്കു മടങ്ങേണ്ടിവന്ന അവസ്ഥപോലുമുണ്ടായി.
തമിഴ്‌രാഷ്ട്രീയത്തില്‍ കാലുകുത്താന്‍ തക്കംപാര്‍ത്തിരുന്ന ബി.ജെ.പി ജല്ലിക്കെട്ടിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ജല്ലിക്കെട്ട് സുഗമമായി നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായമഭ്യര്‍ഥിച്ച മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനു പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നല്‍കുകയും ഡെപ്യൂട്ടി സ്പീക്കര്‍ എ.തമ്പിദുരൈയുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎം.കെ ജനറല്‍സെക്രട്ടറി ശശികലയുടെ കത്തുമായി ചെന്ന എം.പിമാര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തത് അതിനു തെളിവാണ്.
ജല്ലിക്കെട്ടു വിവാദം അവസാനിക്കുന്നത് അണ്ണാ ഡി.എം.കെയുടെ പിളര്‍പ്പോടെയും അണ്ണാ ഡി.എം.കെയില്‍ ഒരു വിഭാഗവും ബി.ജെ.പിയും തമ്മിലുള്ള ബാന്ധവത്തോടെയായിരിക്കുമെന്ന സാധ്യത വര്‍ദ്ധിച്ചിരുന്നു. ദ്രാവിഡരാഷ്ട്രീയത്തിന്റെ ഭൂമികയില്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നാളിതുവരെ ബി.ജെ.പിക്കു ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജല്ലിക്കെട്ട്  നിമിത്തമാക്കി  അണ്ണാ ഡി.എം.കെ പിളര്‍ത്തി തമിഴ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ബി.ജെ.പിയുടെ ശ്രമവും ഒ.പനീര്‍ശെല്‍വത്തിനു തമിഴ്‌നാട്ടില്‍ താരമാകാനുള്ള നീക്കവും തമിഴ്ജനത ജല്ലിക്കെട്ട് ഓര്‍ഡിനന്‍സ് നിരാകരിച്ചതിലൂടെ പാഴായിരിക്കുകയാണ്.
വിവിധ ജാതിമതസ്ഥരും വ്യത്യസ്ത രാഷ്ട്രീയാഭിമുഖ്യമുള്ളവരുമായ തമിഴ് ജനത അവരുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും സ്വത്വത്തിനുംനേരേ വരുന്ന തടസ്സങ്ങളെ മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി ഒരു മനസ്സോടെ എതിര്‍ക്കാന്‍ സമരമുഖത്തിറങ്ങുകയും ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍ പഴയപടി അവരവരുടെ രാഷ്ട്രീയത്തിലേയ്ക്കു മടങ്ങിപ്പോവുകയും ചെയ്യും. ഇതാണു തമിഴ് ജനതയുടെ ഒരു രീതി. തമിഴരുടെ മനസ് അവരുടെ സംസ്‌കാരത്തെയും ഭാഷയെയും എന്തുമാത്രം ഹൃദയബന്ദിയായാണു കാണുന്നതെന്നു ജല്ലിക്കെട്ടു സമരം വ്യക്തമാക്കുന്നു.
അതാണു സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ടു തല്ലിക്കെടുത്താന്‍ ശ്രമിച്ചത്. എന്നിട്ടും ജല്ലിക്കെട്ട് ശാശ്വതമായി നിലനിര്‍ത്താന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം മുറുകെ പിടിക്കുന്ന ജനത മറീന ബീച്ചില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ തയാറായിരുന്നില്ല.
ഒടുവില്‍ നിയമസഭ ഇന്നലെ ഇതുസംബന്ധിച്ചു നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേയ്ക്കു കടക്കേണ്ടിവന്നു. ഇടനേരത്ത് അക്രമത്തിലേയ്ക്കു വഴുതിവീണ സമരം ഒടുവില്‍ കൂടുതല്‍ അക്രമങ്ങളിലേയ്ക്കു മാറുന്നതിനിടയില്‍ അവസാനിച്ചത് ആശ്വാസകരമാണ്. അതിനായി മുന്നിട്ടിറങ്ങിയവര്‍ അഭിന്ദനമര്‍ഹിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.