2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിടിമുറുക്കി കൊവിഡ്; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവ് പിടിമുറുക്കിയതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. രോഗവ്യാപനം രൂക്ഷമായപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതാണ് സ്ഥിതി ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
പൊതുഗതാഗത സംവിധാനങ്ങള്‍ തുറന്നു നല്‍കിയതും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിയും നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കെ വീണ്ടും ലോക്ക്ഡൗണ്‍ എന്നത് പ്രയോഗികമാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ സമ്പത്ത് ഘടനയ്ക്ക് വീണ്ടും തിരിച്ചടിയാണ്. അതിനാല്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. കടകളുടെ ലൈസന്‍സ് റദ്ദാക്കും. കല്യാണത്തിന് 50 പേര്‍, ശവദാഹത്തിന് ഇരുപത് പേര്‍ എന്നത് കര്‍ശനമാക്കും. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഗസറ്റഡ് ഓഫിസര്‍ റാങ്കുള്ളവരെ ചുമതല നല്‍കും. അവര്‍ക്ക് തല്‍ക്കാലം ചില അധികാരങ്ങള്‍ കൊടുക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്.
കോഴിക്കോടും
തിരുവനന്തപുരവും
മുള്‍മുനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലളകളിലാണ് രോഗവ്യാപനം അതിരൂക്ഷം. കോഴിക്കോട് ജില്ലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 900പേര്‍ക്കും സമ്പര്‍ക്കം മൂലമാണ്.
കോഴിക്കോട് ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇപ്പോള്‍തന്നെ നിയന്ത്രണമുണ്ട്. പരമാവധി 5 പേര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. 14 ദിവസത്തേക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നിയന്ത്രണം.
സ്ഥിതി നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കോഴിക്കോടിനൊപ്പം തലസ്ഥാനത്തും രോഗവ്യാപനം കൂടുകയാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ജലീല്‍ വിഷയങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ നടന്നത് തിരുവനന്തപുരത്തായിരുന്നു. സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കി.
രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണം. വിവാഹത്തിനും മരണത്തിനും 15 പേര്‍ മാത്രമെ പാടുള്ളൂ. ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്നും ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും നിര്‍ദേശം ഉണ്ട്.
രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങള്‍ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ അനുവദിക്കാവൂ.
പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ഗര്‍ഭിണികളും പുറത്തിറങ്ങരുത്. മ്രൈകോ കണ്ടെയ്‌മെന്റ് സോണുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ വാര്‍ഡ് തലത്തില്‍ തന്നെ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമ്പൂര്‍ണ അടച്ചിടല്‍ ഇല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല. കര്‍ശനമായ നിയന്ത്രണം പാലിക്കണം.
കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഗൗരവമായി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യാപന തോത് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും അതിനാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.