2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ന്യൂഡൽഹി
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും.
സാമ്പത്തിക സർവേ റിപ്പോർട്ടും ഇന്ന് സഭയിൽ വയ്ക്കും. നാളെ 11ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും സമ്പൂർണ ഡിജിറ്റൽ ബജറ്റായാണ് അവതരിപ്പിക്കുക. പൊതുജനങ്ങൾക്ക് ബജറ്റ് ലഭ്യമാകുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തിക ഉത്തേജന നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബജറ്റ് പ്രഖ്യാപനങ്ങളിലും അത് പ്രതിഫലിക്കും. കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നും സാമ്പത്തിക വിദ്ഗധർ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടു ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. ആദ്യഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. വിവിധ ബില്ലുകൾ പാസാക്കുന്നതടക്കമുള്ള നടപടികൾ മാർച്ച് 14 മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലാണുണ്ടാകുക.
ഡാറ്റ പ്രൈവസി ബിൽ അടക്കമുള്ള ബില്ലുകൾ സഭയിലെത്താനുണ്ട്. പെഗാസസ് കേന്ദ്ര സർക്കാർ വാങ്ങിയതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം സഭയെ പ്രക്ഷുബ്ദമാക്കാനിടയുണ്ട്. പെഗാസസുമായി ബന്ധപ്പെട്ട് കേന്ദ്രം സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാക്കി ലോക്സഭയിലെ കോൺഗ്രസ്സ് കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.