
വാഴ്സോ: പടിഞ്ഞാറന്‍ നാഗരികതയുടെ ഭാവി ശോഭനമല്ലെന്ന് സൂചിപ്പിച്ചും ഭീകരതയ്ക്കും റഷ്യയടക്കമുള്ള ശത്രുരാഷ്ട്രങ്ങള്ക്കുമെതിരേ ആഞ്ഞടിച്ചും യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ ട്രംപിന്റെ ആദ്യ പ്രസംഗം. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലാണ് ട്രംപ്ശ്രദ്ധേയമായ പ്രസംഗം നടത്തിയത്.
ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടി അടക്കം നാലുദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തിയതാണ് ട്രംപ്. 1944ല്‍ നാസികള്‍ക്കെതിരേ ജനകീയ പ്രക്ഷോഭത്തിനു തുടക്കം കുറിച്ച വാഴ്സോയിലെ കരാസിന്‍സ്കി സ്ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പ്രസംഗം നടന്നത്. പോളിഷ് അനുഭവം ഓര്‍മിപ്പിക്കുന്നതു പോലെ കേവല സാധനസാമഗ്രികള്‍ കൊണ്ടു മാത്രം പടിഞ്ഞാറിനെ പ്രതിരോധിക്കാനാകില്ല.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തികൂടി അത്യവശ്യമാണ്. പോളണ്ടിന്റെ ചരിത്രം പ്രതീക്ഷ മുറിയാത്ത ഒരു ജനതയുടെ ചരിത്രം കൂടിയാണ്. പ്രതികൂല കാലാവസ്ഥകള്ക്കു മുന്പില് തളരാത്ത, തങ്ങളാരെന്ന് കൃത്യമായ ബോധമുണ്ടായിരുന്നു ജനതയുടെ ചരിത്രം. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ന് പടിഞ്ഞാറിനുണ്ടോയെന്നതാണ് പുതിയ കാലം ഉയര്‍ത്തുന്ന അടിസ്ഥാനപരമായ ചോദ്യം. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തയാറാകണം. അമേരിക്കക്കാരും പോളണ്ടുകാരും യൂറോപ്യന്‍ ജനതയുമെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും മൂല്യം കല്പിക്കുന്നുണ്ട്. പ്രതിലോമശക്തികളെ നേരിടാന്‍ നാം ഒന്നിച്ചുപ്രവര്‍ത്തിക്കണം. അവര്‍ നമുക്ക് ഉള്ളില്‍ നിന്നുള്ളവരോ പുറംനാട്ടുകാരോ, തെക്കന്‍ ദേശക്കാരോ കിഴക്കുകാരോ ആരുമാകട്ടെ, ഇത്തരം മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനും നമ്മെ നാമാക്കിയ പാരമ്പര്യ, വിശ്വാസ, സംസ്കാരങ്ങളുടെ ഊഷ്മളബന്ധം തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ നാം ഒന്നിക്കണം-ട്രംപ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. കൂട്ടായ പരിശ്രമങ്ങളില്ലെങ്കില് ശീതയുദ്ധം രൂപപ്പെടുത്തിയെടുത്ത രാഷ്ട്രസഖ്യത്തിന് അന്ത്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കരാസിന്‍സ്കി സ്ക്വയറിലെ പ്രത്യേക സദസ് പ്രത്യേകം ക്ഷണിതാക്കളായെത്തിയ അതിഥികള്‍ക്കു പുറമെ മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാരെയും കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ട്രംപിന്റെ പാരിസ് ഉടമ്പടിക്കെതിരായ നിലപാടിനെതിരേ വേദിക്ക് പുറത്ത് പ്രതിഷേധവും നടന്നു.