
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. കെ.എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പിന്‍ഗാമിയായി ജോസ് ടോമിനെ വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് അയക്കുന്നതില്‍ കുറഞ്ഞൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല.
അതികായനായ കെ.എം മാണിയുടെ ഭൂരിപക്ഷം ഓരോ തവണയും ഗണ്യമായി കുറച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ അദ്ദേഹമില്ലാത്ത തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പനും എല്‍.ഡി.എഫിനുമുള്ളത്.
പാലാ നിയോജകമണ്ഡലത്തിലെ 1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായി ഇന്ന് വോട്ട് രേഖപ്പെടുത്തും. 877,29 പുരുഷ വോട്ടര്‍മാരും 91,378 സ്ത്രീ വോട്ടര്‍മാരുമാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
ഏറ്റവും കൂടുതല്‍ വേട്ടര്മാരുള്ള ബൂത്ത് പാലാ സെന്റ് തോമസ് ടി.ടി.സിയില്‍ പ്രവര്‍ത്തിക്കുന്ന 131-ാം നമ്പര്‍ ബൂത്തിലാണ്. 1380 പേരാണ് ഈ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തലനാട് പഞ്ചായത്തിലെ 61-ാം നമ്പര്‍ അത്തിക്കളം ബൂത്തിലാണ്. 203 പേര് മാത്രമാണ് ഇവിടെ വോട്ടിനെത്തുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ പാലാ പുലിയന്നൂര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന 106, 107, 111 ബൂത്തകളും എലിക്കുളം പഞ്ചായത്തിലെ 159, 160 ബൂത്തുകളാണ്. ഇവിടുത്തെ പോളിങ് സൂക്ഷ്മപരിശോധനക്ക് വിധേയമായിരിക്കും. ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ നിരീക്ഷണമുണ്ടാവും.