2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാടുന്നൂ.., പ്രിയ രാഗങ്ങള്‍

വി.കെ പ്രദീപ്
   

കബനിയും പമ്പയും  കവ്വായിയും കാര്യങ്കോടും ഭവാനിയും പല്ലനയും നെയ്യാറും പാമ്പാറും കടലുണ്ടിയും ഇന്നലെ കരകവിഞ്ഞത് ജനപ്രിയരാഗങ്ങളുമായാണ്. കബനിയില്‍ വഞ്ചിപ്പാട്ടും പമ്പയില്‍ വട്ടപ്പാട്ടും പാട്ടോളത്തിന്റെ വേലിയേറ്റമൊരുക്കിയപ്പോള്‍, കല്ലായിയിലും കവ്വായിയിലും നാദസ്വരത്തിന്റെയും വീണയുടെയും കുഞ്ഞലകള്‍ ഓളം തീര്‍ത്തു. കാര്യങ്കോട് ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദമധുരിമ ആസ്വാദകരെ അലകടലേറ്റിയപ്പോള്‍ ഭവാനിയില്‍ ലളിതഗാനത്തിന്റെ ഈരടികള്‍ വാനോളമുയര്‍ന്നു. പല്ലനയില്‍ അക്ഷരശ്ലോകം രാഗമധുരിമ തീര്‍ത്തപ്പോള്‍, നെയ്യാറില്‍ നാടന്‍താളത്തിന്റെ ഈരടികള്‍ ആവേശ ത്തിരമാലകളുയര്‍ത്തി. കടലുണ്ടിയില്‍ കഥകളി സംഗീതം കുളിര്‍ മഴപെയിച്ചപ്പോള്‍ കലോത്സവ നഗരികളിലെ നിളാ തീരങ്ങള്‍ ഇന്നലെ പ്രിയ രാഗങ്ങളുടെ സംഗമവേദിയായി.

സംഗീതസാന്ദ്രമാവുന്ന ദിനത്തില്‍ ഭവാനിയില്‍ ലളിതഗാനത്തിന്റെ ഈരടികളാണ് കലോത്സവ നഗരിയില്‍ ആദ്യം ഉയര്‍ന്നത്. രാഗങ്ങള്‍ക്കല്ല, ഭാവത്തിനാണ് ലളിതഗാനത്തില്‍ പ്രാധാന്യമെന്ന് ഓര്‍മിപ്പിച്ച് മത്സരാര്‍ഥികള്‍ പാടിത്തുടങ്ങിയപ്പോള്‍ തന്നെ മലയാള ഗാനശാഖയില്‍ പുതുനാമ്പുകള്‍ തളിര്‍ത്തു തുടങ്ങിയതിന്റെ ലക്ഷണം വ്യക്തം. പ്രണയവും വിഷാദവും നൈരാശ്യവും വിരഹവും ആര്‍ദ്രതയും ഭാവതീവ്രതയോടെ പെയ്തിറങ്ങിയപ്പോള്‍ കേട്ടിരുന്നവര്‍ക്ക് ലളിതഗാന ശാഖയിലെ പുതുനാമ്പുകള്‍ സമ്മാനിച്ചത് മറക്കാനാകാത്ത രാഗമേളത്തിന്റെ പകല്‍.

അനുഭൂതി പൂക്കുന്ന വഴികളിലൂടെ മണിക്കൂറുകള്‍ നടന്നുതീര്‍ത്ത അനുഭവവുമായാണ് ഓരോ ഗാനാസ്വാദകനും സംഗീതവേദികള്‍ വിട്ടിറങ്ങിയത്.
ജവഹര്‍ ഓഡിറ്റോറിയത്തിലെ നെയ്യാറില്‍ രാവിലെ മുതല്‍ നാടന്‍പാട്ടിന്റെ ഈരടികളായിരുന്നു. ഭക്തിയും നാടന്‍ശീലും കൂടിക്കലര്‍ന്ന വര്‍ണാഭമായ നാടന്‍പാട്ട് മത്സരം കാണാനും ശിക്ഷക് സദനിലെ ഭവാനിയില്‍ നടന്ന ലളിതഗാന മത്സരം കാണാനുമാണ് സംഗീതാസ്വാദകര്‍ തിങ്ങിക്കൂടിയത്.
പുതുവരികളും പഴയ ലളിതഗാനങ്ങളും പെയ്തിറങ്ങിയ വേദികളില്‍ പരീക്ഷണങ്ങളും ഏറെ നടന്നു. ലാളിത്യത്തിന്റെ ശുദ്ധസംഗീതത്തിനൊപ്പം ഗസല്‍ ശൈലിയും കൂട്ടിച്ചേര്‍ത്ത് ചില കുട്ടികള്‍ നടത്തിയ പരീക്ഷണം ലളിതഗാനത്തെ മറ്റൊരു തലത്തിലെത്തിച്ചു. ഭാവിയിലെ ഗാനകോകിലങ്ങള്‍ പാട്ടുപെട്ടിയുമായി വേദിവിട്ടിറങ്ങിയത് ചുണ്ടില്‍ മൂളാന്‍ ഒരുപിടി ഈരടികള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചാണ്.

പാട്ട്, നില്‍ക്കാനും ഇരിക്കാനും ഇടമില്ലാത്ത ‘കിളിക്കൂട്ടില്‍’

ലളിതഗാന മത്സരം നടന്ന ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തിലെ ഭവാനിയില്‍ മത്സരാര്‍ഥികളും ആസ്വാദകരും വല്ലാതെ ബുദ്ധിമുട്ടി. കിളിക്കൂടുപോലുള്ള ചെറിയ ഹാളില്‍ പാട്ടു തുടങ്ങിയ ഉടനെ തന്നെ മൈക്ക് പണികൊടുത്തു.

 ആസ്വാദകര്‍ പാട്ട് തീരെ കേട്ടില്ലെന്ന് മാത്രമല്ല, മത്സരാര്‍ഥികള്‍ക്ക് നല്ല രീതിയില്‍ പാട്ടുപാടാനും കഴിഞ്ഞില്ലെന്നു മത്സരാര്‍ഥികളില്‍ പലരും പറഞ്ഞു. ഇത്തരം വേദിയൊരുക്കി നാളത്തെ ഗായകരെ അപമാനിക്കുകയാണെന്ന് രക്ഷിതാക്കളും പരിശീലകരും പറഞ്ഞു. നിന്നു തിരിയാന്‍ ഇടമില്ലാത്ത രീതിയില്‍ ആസ്വാദകര്‍ തിങ്ങിക്കൂടിയ വേദിയില്‍ മത്സരം നടത്താന്‍ സംഘാടകരും ഏറെ ബുദ്ധിമുട്ടി.

ഇന്നലെ നാടക മത്സരം നടത്തിയ വേദിയില്‍ ഇന്ന് മത്സരമൊന്നും ഇല്ലെന്നും ഈ വേദിയില്‍ സുഗമമായി ലളിതഗാന മത്സരം നടത്താമായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നാടന്‍പാട്ട് മത്സരം നടന്ന ജവഹര്‍ ഓഡിറ്റോറിയത്തിലെ വേദിയും പരിമിതികളുടെ നടുവിലായിരുന്നു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.