
ചെറുവത്തൂര്‍: പാചക തൊഴിലാളികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ആശ്വാസമായി ഉച്ചഭക്ഷണ തുക വര്‍ധിപ്പിച്ചു. വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പിലായതോടെ ഉച്ചഭക്ഷണ വിതരണം ഇനി സുഗമമായി മുന്നോട്ടുപോകും. ഭക്ഷണമൊരുക്കാന്‍ നല്കുന്ന കണ്ടിജന്റ് ചാര്‍ജ് ഒന്നിനും തികയുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. ഓരോ കുട്ടിക്കും പ്രതിദിനം നല്കുന്ന തുക (കണ്ടിജന്റ് ചാര്‍ജ്) എട്ടു രൂപയാക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമാകുന്നത്.
150 വരെ കുട്ടി ഒന്നിന് എട്ടു രൂപ, അതിനു മുകളില്‍ 500 കുട്ടികള്‍ വരെ ഒരു കുട്ടിക്ക് ഏഴു രൂപ, 500 കുട്ടികള്‍ക്ക് മുകളിലുള്ള ഓരോ കുട്ടിക്കും ആറ് രൂപ എന്ന നിരക്കിലാണ് കണ്ടിജന്റ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സാധനങ്ങള്‍, പാല്, മുട്ട എന്നീ ചെലവുകള്‍ക്കാണ് ഇത്. നിലവില്‍ അഞ്ചു രൂപയായിരുന്നു ചാര്‍ജ്. വേതന വര്‍ധനവ് എന്ന വര്‍ഷങ്ങളായുള്ള തൊഴിലാളികളുടെ ആവശ്യവും അംഗീകരിച്ചു. 150 കുട്ടികളില്‍ താഴെയുള്ള വിദ്യാലയങ്ങളിലെ തൊഴിലാളികള്‍ക്ക് 350 രൂപയാണ് നല്കി വരുന്നത്.
ഇത് 400 രൂപയായി വര്‍ധിപ്പിച്ചു. ഇത് പ്രത്യേകമായി നല്‍കും. നേരത്തെ കണ്ടിജന്റ് ചാര്‍ജില്‍ നിന്നും നല്‍കേണ്ട അവസ്ഥയായിരുന്നു. 150 കുട്ടികളില്‍ കൂടുതലുള്ള ഇടങ്ങളില്‍ അധികമുള്ള ഓരോ കുട്ടിക്കും 25 പൈസ കണക്കാക്കി ദിവസ വേതനം 475 രൂപയാക്കി.
ബാങ്ക് അക്കൗണ്ട് വഴിയാണ് പാചക തൊഴിലാളികളുടെ വേതന വിതരണം നടക്കുക. 500 കുട്ടികള്‍ വരെ ഒരു തൊഴിലാളി, 500ന് മുകളില്‍ രണ്ടു പേര് എന്ന വ്യവസ്ഥ തുടരും. സ്കൂളുകളിലെ പാചക ചെലവും വര്‍ധിപ്പിക്കണമെന്ന് അധ്യാപക സംഘടനകളും പാചക തൊഴിലാളി സംഘടനകളും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിച്ച പ്രപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉച്ചഭക്ഷണ തുക വര്‍ധിപ്പിച്ചുള്ള അഡീഷനല്‍ സെക്രട്ടറിയുടെ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.