
വാഷിങ്ടണ്‍: യാത്രാ വിലക്ക് ഏര്‍പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ കൂടി ഉള്‍പെടുത്തുമെന്ന് യു.എസ്. വൈറ്റ് ഹൗസ് പ്രതിനിധി റിയന്‍സ് പ്രിബസാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
നിലവില്‍ വിലക്കിയിട്ടുള്ള ഏഴ് രാജ്യങ്ങളും തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന് ഒബാമ ഭരണകൂടം കണ്ടെത്തയതാണെന്ന് വൈറ്റ്ഹൗസ് പ്രതിനിധി സി.ബി.സി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളുടെ കാര്യത്തില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാ വിലക്കിനെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രതിനിധി അമേരിക്കന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന ട്രംപിന്റെ നയത്തെയും അനുകൂലിച്ചു. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നരാജ്യങ്ങള്ക്കാണ് വിലക്ക്. വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.