പ്രത്യേക ലേഖകൻ
ലഖ്‌നൗ
ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പശ്ചിമ യു.പിയിലും അവർക്ക് കാര്യമായ പരുക്കേറ്റില്ല. കുറച്ചു സീറ്റുകൾ നഷ്ടമായെങ്കിലും മേഖലയിൽ പിടിച്ചുനിൽക്കാനായി. ജാട്ട് കർഷകർ നിർണായക ശക്തിയായ മേഖലയാണിത്. ഡൽഹിയോടു ചേർന്നുനിൽക്കുന്ന ഈ മേഖലയിൽനിന്ന് ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. ഈ കർഷകരോഷം ബി.ജെ.പിക്ക് വലിയ തിരിച്ചടി നൽകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ജാട്ട് കർഷകരുടെ പാർട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ.എൽ.ഡി ഇത്തവണ എസ്.പിയുമായി സഖ്യമുണ്ടാക്കിയതും ഈ വിലയിരുത്തലിന് ആക്കംകൂട്ടി. എന്നാൽ ആ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണുണ്ടായത്.
മേഖലയിലെ 113 സീറ്റുകളിൽ കഴിഞ്ഞ തവണ 93 എണ്ണമാണ് ബി.ജൈ.പി നേടിയിരുന്നത്. ഇത്തവണ അതിൽ പകുതിയിലധികം നഷ്ടപ്പെടുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ നഷ്ടമായത് 20ലേറെ സീറ്റുകൾ മാത്രം. ആ സീറ്റുകൾ പോയത് എസ്.പി സഖ്യത്തിലേക്കാണ്. മേഖലയിൽ ബി.എസ്.പിക്ക് നേരത്തെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിൽ ആ പാർട്ടി തകർന്നടിഞ്ഞത് പിടിച്ചുനിൽക്കാൻ ബി.ജെ.പിയെ സഹായിച്ചു. ബി.എസ്.പിക്ക് നഷ്ടമായ ദലിത് വോട്ടുകളിൽ നല്ലൊരു പങ്ക് ബി.ജെ.പി പിടിച്ചെടുത്തതായാണ് ഫലങ്ങൾ നൽകുന്ന സൂചന.
മുസ്‌ലിംകൾക്ക് നിർണായക സ്വാധീനമുള്ള പശ്ചിമ യു.പിയിൽ നേരത്തെ ബി.എസ്.പിക്കും മറ്റും ലഭിച്ചിരുന്ന ദലിത്, പിന്നോക്ക വോട്ടുകളുടെ പങ്ക് ഇത്തവണ ബി.ജെ.പിയും നേടി.
Comments are closed for this post.