
കല്ലമ്പലം: ‘പണം പോയാലും പവര്‍ വരട്ടെ’ എന്നാണ് പഴമൊഴി. എന്നാല്‍ കല്ലമ്പലത്ത് പവര്‍ പോയാല്‍ പണവും പോകും. ദേശീയപാതയില്‍ കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപമുള്ള ദേശസാല്‍കൃത ബാങ്കിന്റെ എ.ടി.എമ്മാണ് കറന്റു പോയാല്‍ നാട്ടുകാര്‍ക്ക് എട്ടിന്റെ പണി നല്‍കുന്നത്. കറന്റു പോകുമ്പോള്‍ എ.ടി.എം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമാകുന്നത്. ആറു മാസമായി എ.ടി.എമ്മിന്റെ ബാറ്ററി കേടാണ്. ഇതോടെ പവര്‍ കട്ടായാല്‍ ആ നിമിഷം എ.ടി.എമ്മും നിലയ്ക്കും. ഈ സമയം ഏതെങ്കിലും ഉപഭോക്താവ് എ.ടി.എം കാര്‍ഡിലൂടെ പണം പിന്‍വലിക്കാന്‍ തുക അടിച്ച് പണത്തിനായി കാത്തിരിക്കുകയാണെങ്കില്‍ അടിച്ച തുക എ.ടി.എമ്മില്‍ നിന്നും പുറത്തേക്കും വരില്ല, അക്കൗണ്ടില്‍ നിന്ന് തുക നഷ്ടമാവുകയും ചെയ്യും. ബാങ്കില്‍ പരാതിപ്പെട്ടാല്‍ പണം തിരികെ കിട്ടാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും സമയമെടുക്കും. ഇത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്യാവശ്യഘട്ടത്തില്‍ സ്വന്തം അക്കൗണ്ടിലുള്ള പണം ഉപയോഗപ്പെടുത്താന്‍ കഴിയാതെ കടം വങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.
അടിക്കടി കറന്റു പോകുന്ന കല്ലമ്പലത്ത് നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. എ.ടി.എമ്മിന്റെ ചുമതലയുള്ള ബാങ്കില്‍ പരാതിപ്പെട്ടിട്ടും തകരാര്‍ പരിഹരിക്കുന്നതിനായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയ പാതയിലൂടെ കടന്നു പോകുന്ന വാഹനയാത്രികരാണ് ഇത്തരത്തില്‍ എ.ടി.എമ്മിന്റെ പരീക്ഷണത്തില്‍ പെട്ടുപോകുന്നത്. അടിയന്തരമായി തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ഉന്നതധികരികള്ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.