
കൊച്ചി: കോടതി ഉത്തരവ് മറികടന്ന് എറണാകുളം പഴന്തോട്ടം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് ആരാധന നടത്താന്‍ പൊലിസ് ഒത്താശ ചെയ്യുന്നതായി പഴന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നിട്ടും അത് നടപ്പാക്കാന്‍ സഹായിക്കാതെ വിശ്വാസികള്‍ക്കെതിരേ കള്ളക്കേസെടുക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണിതെന്നാണ് ജനുവരി നാലിലെ ജില്ലാ കോടതിയുടെ താല്കാലിക ഉത്തരവ്. അതുപ്രകാരം, പള്ളിയിലും പള്ളിവക സ്ഥാപനങ്ങളിലും ചാപ്പലുകളിലും സെമിത്തേരിയിലും യാക്കോബായ വിഭാഗം പ്രവേശിക്കുന്നത് നിരോധിക്കുന്നതായും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവ് ലംഘിക്കുന്ന നടപടിയാണ് യാക്കോബായ വിഭാഗം സ്വീകരിക്കുന്നത്. ഉത്തരവ് വന്നിട്ടും മേലധികാരികളുടെ ഒത്താശയോടെ പള്ളിമുറ്റത്തുള്ള പള്ളിവക കെട്ടിടത്തില്‍ യാക്കോബായ വിഭാഗം സമാന്തര ആരാധന നടത്തിവരുന്നു. ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആരാധന യാക്കോബായ പക്ഷം അലങ്കോലപ്പെടുത്തുന്ന സ്ഥിതിയും നിലനില്ക്കുന്നു. പൊലിസ് ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും ഫാ. മത്തായി ഇടയനാല്‍ ആരോപിക്കുന്നു.
അതിനിടെ ദുഃവെള്ളി ആചരണ ദിനമായ കഴിഞ്ഞ 19ന് ആരാധന കഴിഞ്ഞിറങ്ങിയ ഓര്‍ത്തഡോക്സ്് വിശ്വാസികളെ യാക്കോബായ ഗുണ്ടകള്‍ കൈയേറ്റം ചെയ്തു. അതിനിടെ കോടതി വിലക്ക് നിലനില്‍ക്കേ ഇന്നും നാളെയുമായി യാക്കോബായ വിഭാഗം പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതിന് തീരുമാനിച്ചരിക്കുകയാണ്. ഇതിനായി പള്ളി അങ്കണത്തിലെ കൊടി മരത്തില്‍ നിന്നും കൊടി കത്തി ഉപയോഗിച്ച് മുറിച്ച് മാറ്റുന്നതിനായി ശ്രമിക്കുന്നതിനിടെ യാക്കോബായ വിഭാഗക്കാര്‍ക്ക് മുറിവേറ്റു. ഈ സംഭവത്തെ പിന്നീട് ഓര്‍ത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളെ പള്ളി പരിസരത്തുവച്ച് കുത്തി പരിക്കേല്‍പ്പിച്ചുവെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്.
കോടതി വിലക്ക് മറികടന്ന് പള്ളി പരിസരത്ത് പ്രവേശിച്ച യാക്കോബായ വിഭാഗത്തിനെതിരെ കേസെടുക്കാനോ ആക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ നടപടികള്‍ സ്വീകരിക്കാനോ പൊലിസ് തയാറായില്ല. പകരം ഓര്‍ത്തഡോക്സ്് സഹവികാരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പൊലിസ് തയാറായത്. 12 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അതില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്ത് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. 304 -ാം വകുപ്പു പ്രകാരമാണ് കേസ്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട മജിസ്ട്രേറ്റിന് കേസ് കെട്ടിച്ചമച്ചതാണെന്നു ബോധ്യമായതിനെ തുടര്‍ന്ന് നാലുപേര്‍ക്കും ജാമ്യം നല്കി. അതേസമയം, എഫ്.ഐ.ആറിന്റെ കോപ്പി നല്‍കാന്‍പോലും പൊലിസ് തയാറാകുന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് പള്ളി സഹവികാരി ഉള്‍പ്പെടെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, മജിസ്ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യാക്കോബാ വിഭാഗമാണെന്ന് വ്യക്തമായിട്ടുപോലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ കുറ്റപ്പെടുത്തി.
Comments are closed for this post.